തിരുവനന്തപുരം : കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ താത്കാലികമോ ശാശ്വതമോ ആയ പരിഹാരമല്ലെന്ന് ടെക്നോപാർക്ക് മുൻ സി.ഇ.ഒ ജി.വിജയരാഘവൻ പറഞ്ഞു. ഇക്കാര്യത്തിൽ താൻ ഒരു വിദഗ്ദ്ധനല്ലെന്നും സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നുവെന്ന ആമുഖത്തോടെ വിജയരാഘവൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ലോക രാജ്യങ്ങളെല്ലാം ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അപ്രതീക്ഷിതമായെത്തിയ കൊവിഡിനെതിരെ മുന്നൊരുക്കം നടത്താൻ വേണ്ടിയാണ്. രാജ്യത്ത് 70 ദിവസത്തോളം ലോക്ക് ഡോൺ പ്രഖ്യാപിച്ചു. പിൻവലിച്ചതോടെ വീണ്ടും രോഗബാധിതർ കൂടി. തലസ്ഥാനത്ത് മൂന്നാഴ്ചയായി ലോക്ക് ഡൗൺ രോഗികളുടെ എണ്ണത്തിൽ കുറവുമില്ല പകരം വർദ്ധിക്കുന്നു. എത്ര നാൾ ഇങ്ങനെ തുടരും ആഴ്ചകളോ മാസങ്ങളോ ഒരു വർഷമോ ഇത്തരത്തിൽ പോകാൻ കഴിയുമോ? 2021 ആദ്യം വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷക്കുന്നത്. അതുവരെ ലോക്ക് ഡൗൺ പ്രയോഗികമല്ല. ആരോഗ്യപ്രവർത്തകർ, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ഒഴികെയുള്ളവർ ജോലിയില്ലാതെ ശമ്പളം വാങ്ങുന്നു. അവർക്ക് പ്രശ്നമില്ല. മത്സ്യബന്ധനം നടത്തുന്നവർ, ആട്ടോ ഡ്രൈവർമാർ, ചെറുകിട കച്ചവടക്കാർ ഇവരെല്ലാം ബുദ്ധിമുട്ടുകയാണ്. ഈപ്രതിസന്ധി സർക്കാരിന് ഒറ്റയ്ക്ക് മറികടക്കാനാകില്ലെന്ന് തിരിച്ചറിയണം. സർക്കാർ ഒറ്റയ്ക്ക് പോരാടിയാൽ വിജയിക്കില്ല സമൂഹത്തെ ഒന്നാകെ കൂടചേർക്കണം. ഇത്തരം നടപടികൾ സ്വീകരിച്ചാൽ മാത്രമേ സമ്പദ്‌വ്യവസ്ഥ ഉയർത്തെഴുന്നേൽക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താത്കാലിക നിയമനം വേണം
പ്രളയകാലത്ത് സന്നദ്ധ പ്രവർത്തിന് ഒരുകൂട്ടം യുവാക്കൾ രംഗത്തിറങ്ങി പ്രതിസന്ധി മറികടക്കാൻ സഹായിച്ചു. വീണ്ടും അത്തരമൊരുഘട്ടമാണ്. ഇവിടെ സന്നദ്ധപ്രവർത്തനമല്ല വേണ്ടത്. കൊവിഡ് പ്രതിരോധത്തിൽ പങ്കുവഹിക്കാൻ കഴിയുന്നവരെ രംഗത്തിറക്കണം. പഠിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പഠനം പൂർത്തിയാക്കി ജോലിയില്ലാതെ നിൽക്കുന്നവർ. ഇവരെയെല്ലാം താത്കാലികമായി നിയമിക്കണം. കുറഞ്ഞത് ആറുമാസം മുതൽ ഒരു വർഷം വരെ ഇവർക്ക് നിയമനം നൽകണം. ഇക്കൂട്ടർക്ക് മാന്യമായ ശമ്പളം നൽകണം.