തിരുവനന്തപുരം: കൊവിഡിന്റെ പിടിയിലായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മറ്റ് രോഗികൾക്കായി പുതിയ സംവിധാനങ്ങൾ ഒരുങ്ങി. പക്ഷേ ദിവസവും അമ്പത് രോഗികൾക്ക് മാത്രമാണ് ഒ.പിയിൽ പരിശോധനയുള്ളത്. ദിവസവും ആയിരം രോഗികളെത്തിയിരുന്നിടത്താണ് ഈ സ്ഥിതി. തലസ്ഥാനത്തും കൊല്ലത്തുമുള്ള രോഗികളെ കൂടാതെ തമിഴ്നാട്ടിലെ അതിർത്തി ജില്ലകളിലുള്ളവരും ഇവിടെയെത്തുന്നുണ്ട്. മെഡിക്കൽ കോളേജിനെ കൊവിഡ് ആശുപത്രിയാക്കുന്നതിനായി ഏപ്രിലിലെ ഉന്നതതലയോഗം വകുപ്പ് മേധാവികളോട് നിർദ്ദേശങ്ങൾ തേടിയിരുന്നു. എന്നാലിത് നൽകിയോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തയില്ല. പ്രവർത്തനങ്ങൾ ക്രമീകരിക്കാനോ ഏകോപിപ്പിക്കാനോ സർക്കാർ തലത്തിൽ നിന്ന് ആരും തയ്യാറാവുന്നില്ലെന്ന ആക്ഷേപം ആശുപത്രി അധികൃതർക്കുമുണ്ട്.
ഇതര രോഗികളുടെ ചികിത്സ
കൊവിഡിന്റെ പശ്ചാത്തലത്തിൽ ദിവസവും ഒ.പിയിലെ ഓരോ വിഭാഗത്തിലും രാവിലെ ഒമ്പതു മുതൽ 12 വരെ 50 രോഗികൾക്ക് മാത്രമായിരിക്കും ചികിത്സ ലഭിക്കുക. നേരിട്ടുള്ള ചികിത്സ ഒഴിവാക്കാനാവാത്ത രോഗികൾക്കു മാത്രമാണ് ഈ സൗകര്യം. മറ്റുള്ളവർക്ക് ഇതേ സമയം അതത് വിഭാഗങ്ങളിലെ ഡോക്ടർമാരെ ഫോണിൽ വിളിക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
ഒഴിയാത്ത ആശങ്ക
നിലവിൽ കൊവിഡ് വാർഡുകളിലൂടെയാണ് മറ്രിടങ്ങളിലേക്ക് പോകേണ്ടത്. കൊവിഡ് രോഗികളുടെ സി.ടി സ്‌കാനും എക്‌സ്റേയും എടുക്കണമെങ്കിലും മറ്റ് വാർഡുകൾ കടക്കണം. ഇക്കാര്യത്തിൽ രോഗികളും ആരോഗ്യ പ്രവർത്തകരും കൂട്ടിരിപ്പുകാരും ആശങ്കയിലാണ്.
കൊവിഡ് ചികിത്സ
കാെവിഡ് രോഗികൾക്കായി രണ്ടു ഒ.പികളാണുള്ളത്. ഒന്ന് മോർച്ചറിക്ക് സമീപത്തുള്ള ഡീലക്സ് ഒ.പിയും മറ്റൊന്ന് ഡെന്റൽ കോളേജിന് എതിർവശത്തെ പുതിയ കെട്ടിടത്തിലും. ഒന്നാമത്തേതിൽ രോഗ ലക്ഷണങ്ങളുമായി എത്തുന്നവർക്കായും രണ്ടാമത്തേതിൽ കണ്ടെയ്മെന്റ്, ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളിൽ നിന്നെത്തിക്കുന്നവർക്ക് വേണ്ടിയുമാണ്. എന്നാൽ മറ്റ് അത്യാഹിത വിഭാഗത്തിലും കൊവിഡ് രോഗികൾ എത്തുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും സമ്മതിക്കുന്നു. ഇതിനായി പ്രത്യേകം സൂചനാ ബോർഡുകളോ നിയന്ത്രിക്കാൻ ജീവനക്കാരോ ഇല്ല.
വേണ്ടത് ഏകജാലകം
പ്രശ്ന പിരഹാരത്തിന് ഏകജാല സംവിധാനം നടപ്പാക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. സൂപ്പർ സ്പെഷ്യാലിറ്റിയിലും അനുബന്ധിച്ചുള്ള ബ്ലോക്കുകളിലും കൊവിഡ് ചികിത്സ ലഭിച്ചാൽ മറ്റു വാർഡുകളെ ഒഴിവാക്കാനാകും. സ്രവ പരിശോധനയും ഇവിടെ നടത്താം. തിയേറ്ററുകളും ലഭ്യമാകും. ഇതോടെ വാർഡ് 1,2,3,4,5,15,28,10,11,12 എന്നിവിടങ്ങളിൽ കൊവിഡിതര ചികിത്സ സജ്ജമാക്കാം. സ്കാനിംഗ് വേണ്ട രോഗികളെ ആംബുലൻസിൽ കോഫീഹൗസിന് എതിർവശമുള്ള ആശുപത്രി കെട്ടിടത്തിലെ സെന്ററിലെത്തിച്ചാൽ സമ്പർക്ക ഭീഷണിയും ഒഴിവാക്കാം.
ഗ്രീൻചാനൽ സംവിധാനം
രോഗിയെ സി.ടി സ്കാൻ, എക്‌സ്റേ തുടങ്ങിയ പരിശോധനകൾക്ക് എത്തിക്കാനുള്ളതാണ് ഗ്രീൻചാനൽ സംവിധാനം. രോഗിയെ പി.പി.ഇ കിറ്റടക്കം ധരിപ്പിച്ച് വേണം കൊണ്ടുപോകാൻ. പിന്നാലെ ഉപകരണങ്ങൾ സാനിറ്റെെസ് ചെയ്യണം.
നിലവിലെ അവസ്ഥ ഇങ്ങനെ
കൊവിഡ് ചികിത്സയിലുള്ളവർ- 400
കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർ- 40
ക്വാറന്റെെനിലുള്ള ജീവനക്കാർ- 300
ആശുപത്രിയിലെ ആകെ കിടക്കകൾ- 3000
വർഷവും ഇൻ പേഷ്യന്റ് സേവനം ലഭിക്കുന്ന രോഗികൾ- 8,00,000
ഒ.പിയിലെത്തുന്ന രോഗികൾ- 75,00,000
നിലവിൽ ഒ.പിയിൽ എത്തുന്നവർ- 50