nss-office-attacked

തേവലക്കര: തേവലക്കര കോയിവിളയിൽ അഷ്ടമുടികായലിന്റെ തീരത്തു മദ്യപിച്ചു ചീട്ടുകളിച്ചുകൊണ്ടിരുന്ന സംഘം അതുവഴി വന്ന യുവാവുമായി നടന്ന വാക്കേറ്റം അടിപിടിയിൽ കലാശിച്ചു. യുവാവിനെ മർദ്ദിച്ചു,​ അവശനാക്കി കായലിൽ തള്ളിയിട്ടു. തുടർന്ന് വെള്ളത്തിൽ മുക്കിപ്പിടിച്ചു ശ്വാസം മുട്ടിക്കുകയും ചെയ്തു. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ ഇടപെടൽ കൊണ്ടാണ് യുവാവിന് ജീവൻ തിരിച്ചു കിട്ടിയത്. പരിക്കേറ്റ കോയിവിള വാഴവിള വീട്ടിൽ ആൽബിൻ സോമരാജി(25)നെയാണ് മർദിച്ചത്. വിദേശത്ത് നിന്ന് വന്ന് ഹോം ക്വാറന്റൈനിലിരുന്ന ഒരു യുവാവ് മദ്യപസംഘത്തിൽ ഉണ്ടായിരുന്നത് ആൽബിൻ ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിതരാക്കിയത്. പരുക്കുകൾക്ക് പുറമെ ശ്വാസകോശത്തിൽ ‍ വെള്ളവും ചെളിയും കയറി ശ്വാസതടസം നേരിടുന്ന ആൽബിൻ ഇപ്പോൾ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. യുവാവിന്റെ ഭാര്യ ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണ്.