തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്ത് സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക് സജ്ജമായി. ആദ്യഘട്ടത്തിൽ 17 ആശുപത്രികളാണ് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്നദ്ധത അറിയിച്ചത്. 11 സ്വകാര്യ ആശുപത്രികൾ രോഗികളുടെ പൂർണചുമതല ആശുപത്രികൾ ഏറ്റെടുത്ത് നിർവഹിക്കും. മറ്റുള്ള ആറ് ആശുപത്രികൾ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് വിട്ടുനൽകുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ ജീവനക്കാർ, മരുന്ന് തുടങ്ങി സൗകര്യങ്ങൾ സർക്കാർ ഒരുക്കണം. രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാകും ഇവയെ ഉപയോഗിക്കുക. ഈ ആറ് ആശുപത്രികളെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തും.
നിലവിൽ 17 ആശുപത്രികളാണ് പട്ടികയിലുള്ളതെങ്കിലും രോഗവ്യാപനതോത് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ ആശുപത്രികളുടെെ സഹകരണം ഉറപ്പാക്കും. രോഗികൾ വർദ്ധിച്ചാൽ ലക്ഷണങ്ങളുള്ളവർക്കും മറ്റു രോഗങ്ങളുള്ളവർക്കും ആശുപത്രിയിൽ കിടത്തി ചികിത്സ അനിവാര്യമാണ്. ഐ.സി.യു, വെന്റിലേറ്റർ, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങളാണ് സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് കൂടുതലായി മാറ്റിവയ്ക്കേണ്ടിവരുന്നത്. സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികൾക്ക് ചികിത്സ സൗജന്യമാണ്. നേരിട്ടെത്തുന്നവർക്കുള്ള നിരക്ക് അതത് ആശുപത്രികളെ ആശ്രയിച്ചിരിക്കും.