photo6

പാലോട്: മലയോരമേഖലയിൽ പകൽസമയത്തും കാട്ടാനകളെത്തുന്നത് പതിവായതോടെ ജനജീവിതം ദുരിതത്തിലായി. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ആന ഉൾപ്പെടെയുള്ള കാട്ടുമൃഗശല്യം രൂക്ഷമായത്. കാട്ടുമൃഗശല്യം കാരണം പല കർഷകരും കൃഷി ഉപേക്ഷിച്ച അവസ്ഥയിലാണ്. സൗരോർജ്ജ വേലി സർക്കാർ നിർമ്മിച്ചു നൽകിയെങ്കിലും ജണ്ട നിർമ്മാണത്തിനിടെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ച സ്ഥിതിയാണ്. കുറേ ഭാഗം നശിപ്പിക്കപ്പെട്ടു പോയിട്ടുമുണ്ട്. നിരവധി തവണ ഫോറസ്റ്റ് അധികാരികളോട് വേലി പുനഃസ്ഥാപിക്കണരെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗങ്ങളിൽ ഫയർവാച്ചർമാരായി ആദിവാസികളെ നിയമിക്കാത്തതാണ് തിരിച്ചടിയായത്. പെരിങ്ങമ്മല പഞ്ചായത്തിലെ മുത്തിക്കാണി സെറ്റിൽമെന്റിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തുന്നതിനിടെ കിണറിടിഞ്ഞ് ഭാർഗവി എന്ന സ്ത്രീയുടെയും കുടുംബത്തിന്റെയും കുടിവെള്ളം മുട്ടിയിട്ട് മൂന്നു വർഷത്തോളമായി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ കിണർ നിർമ്മിച്ചു നൽകാമെന്ന ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെയും നടപ്പിലായില്ല. ഒാഫീസിലന്വേഷിക്കുമ്പോൾ ഫയൽ കാണുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. കോളച്ചൽ ആദിവാസി മേഖലകളിൽ പകൽ സമയങ്ങളിൽ പോലും കാട്ടാന ശല്യം രൂക്ഷമാണ്. കർഷകനായ തുളസിയുടെ രണ്ട് ഹെക്ടർ സ്ഥത്തെ വാഴകൃഷി ആന നശിപ്പിച്ചതിന് നഷ്ടപരിഹാരമായി ലഭിച്ചത് രണ്ടായിരത്തി അറുപത് രൂപയ്ക്കകത്ത് മാത്രമാണ്. കൂടാതെ തെങ്ങുകളും, കമുക്,​ മരച്ചീനി തുടങ്ങിയ കാർഷിക വിളകളും ആനക്കൂട്ടം പൂർണമായും നശിപ്പിച്ചു കളഞ്ഞു. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ഒരാളെ ആശുപത്രിയിലേക്ക് എത്തിക്കണമെങ്കിലും വളരെയധികം ബുദ്ധിമുട്ടാണ്. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യവും ആധികൃതർ കേട്ട മട്ടില്ല. ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ശല്യം രൂക്ഷം ഇവിടെ

നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്, പ്രാമല, ദ്രവ്യം വെട്ടിയ മൂല, കാലൻ കാവ്, പുലിയൂർ,​ പാണ്ഡിയംപാറ തുടങ്ങിയ സ്ഥലങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ പുന്നമൺവയൽ, വെളിയങ്കാല, വേങ്കല്ല, ശാസ്താനട, ഇടിഞ്ഞാർ, മങ്കയം, കോളച്ചൽ, മുത്തിക്കാണി, വെങ്കലകോൺ, കൊന്നമൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുമൃഗശല്യം രൂക്ഷമായിട്ടുള്ളത്.

പ്രധാന പ്രശ്നങ്ങൾ

കൃഷിനശിപ്പിക്കുന്നത് പതിവ്

മനുഷ്യരെയും ആക്രമിക്കുന്നു

പരിക്കേറ്റവർക്ക് നഷ്ട പരിഹാരം ലഭിച്ചില്ല

കർഷകർക്ക് ജപ്തി ഭീഷണി

ശല്യം ഇവ

ആന

പന്നി

കുരങ്ങ്

മ്ലാവ്

കാട്ട് പോത്ത്

സൗരോർജവേലി നിർമ്മിച്ചത് - 68 ലക്ഷം രൂപ ചെലവിൽ

പ്രതികരണം

സൗരോർജ്ജ വേലി നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണം. കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

എം.വി. ഷിജുമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി

ആദിവാസി ക്ഷേമസമിതി