fff

നെയ്യാറ്റിൻകര: സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും നെയ്യാറ്റിൻകര ടൗണിലും സമീപ ഗ്രാമപഞ്ചായത്തുകളിലും ഇവ യഥേഷ്ടം ഉപയോഗിക്കുന്നതായി പരാതി. നിരോധനം വന്നതിന് പിന്നാലെ പൊതുജനം പ്ലാസ്റ്റിക് ഉപേക്ഷിച്ചെങ്കിലും വ്യാപാര സ്ഥാപനങ്ങളിലും പൊതു ചന്തകളിലും ഇവ വീണ്ടും വ്യാപകമായി ഉപയോഗിക്കുകയാണ്. ഉത്പാദന കേന്ദ്രങ്ങളിൽ പരിശോധന നടത്താത്തതിനാലാണ് പ്ലാസ്റ്റിക് ഇപ്പോഴും വിപണിയിലെത്തുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം നഗരസഭയെ പ്ലാസ്റ്റിക് രഹിതമാക്കാനായി തൊഴുക്കലിൽ ആരംഭിച്ച റീസൈക്ലിംഗ് യൂണിറ്റ് കാടും പടർപ്പുമേറി ഇഴജന്തുക്കളുടെ താവളമായി മാറി. നിരോധനം പ്രാബല്യത്തിലാക്കാനായി ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ചാക്കുകളിലാക്കി നഗരസഭയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇവ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ. പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി ഇൻസിനേറ്റർ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നത് പാഴ് വാക്കായതായി നാട്ടുകാർ പറയുന്നു. അതേസമയം നിരോധനം വന്നതോടെ ലക്ഷങ്ങൾ മുടക്കി ഇത്തരം പ്ലാസ്റ്റിക് കവറുകൾ വാങ്ങി സൂക്ഷിച്ച മൊത്തവ്യാപാരികൾ വെട്ടിലായിരിക്കുകയാണ്. ഇവരെ സംരക്ഷിക്കുന്നതിനായി ബദൽ സംവിധാനം അധികൃതർ തന്നെ ഏർപ്പെടുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പത്ത് വർഷം മുൻപേ പ്ലാസ്റ്റിക് നിരോധിച്ചതാണെങ്കിലും കൂടുതൽ പരിശോധനകൾ ഇല്ലാതെ വന്നതോടെ ഇവിടെയും പ്ലാസ്റ്റിക് നിർബാധം ഉപയോഗിക്കുകയാണിപ്പോൾ. മാത്രമല്ല ആശുപത്രി വളപ്പിൽ ഡിസ്പോസിബിൾ സിറിഞ്ച് ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യം തുറസായ സ്ഥലത്ത് കത്തിക്കുന്നതിൽ പരിസരവാസികളിൽ നിന്നു പ്രതിഷേധം ഉയർന്നിട്ടുണ്ട്.

 കാടുമൂടിയ റീസൈക്ലിംഗ് യൂണിറ്റ്

നെയ്യാറ്റിൻകര നഗരസഭാ വക തൊഴുക്കലിലെ നാല്പത് സെന്റ് ഭൂമിയിലാണ് പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിനുള്ള കെട്ടിട നിർമ്മിച്ചത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കെട്ടിടം പണി നിറുത്തി വയ്ക്കുകയായിരുന്നു. ഈ കെട്ടിടം കാടുമൂടിയ നിലയിലാണ്. റീസൈക്ലിംഗ് യൂണിറ്റിലേക്കായി ജീവനക്കാരെ നിയമിച്ചെങ്കിലും ഇവർക്ക് മറ്റ് പണികളൊന്നുമില്ലാതെയായിരിക്കുകയാണ്. റീസൈക്ളിംഗ് മെഷീന് ഓർഡർ നൽകിയെങ്കിലും അവ വരുത്താൻ കഴിയാതെ കുഴങ്ങിയിരിക്കുകയാണ് അധികൃതർ. മുനിസിപ്പൽ ഓഫീസ് വളപ്പിൽ റീസൈക്ലിംഗ് യൂണിറ്റ് തുടങ്ങുകയേ ഇനി മാർഗമുള്ളൂ.

പ്രധാന പ്രശ്നങ്ങൾ

പലയിടത്തും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു

തുണി സഞ്ചിക്ക് പ്രത്യേകം വില നൽകണം

മൊത്തവ്യാപാരികൾ പ്രതിസന്ധിയിൽ

ആശുപത്രിയിലും പ്ലാസ്റ്റിക് വ്യാപകം

റീസൈക്ലിംഗ് യൂണിറ്റ് കെട്ടിടം നിർമ്മിച്ചത് -2018ൽ

ചെലവ് 30 ലക്ഷം രൂപ

പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കർശന പരിശോധന നടത്തുന്നുണ്ട്. അവ ഉപയോഗിക്കുന്ന വ്യാപാരികൾക്ക് പിഴ ചുമത്തുന്നുമുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.

നെയ്യാറ്റിൻകര നഗരസഭാ ഹെൽത്ത് വിഭാഗം ജീവനക്കാരൻ.