തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ ഒത്താശയോടെയുള്ള സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ പാകിസ്ഥാൻ പൗരൻ നദീമിന്റെ പങ്കിനെക്കുറിച്ച് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) കണ്ടെത്തിയതോടെയാണ് കടത്തിനു പിന്നിലെ തീവ്രവാദബന്ധം കേന്ദ്രഏജൻസികൾ തെരഞ്ഞുതുടങ്ങിയത്. ദുബായിലെ സലൂണുകളിൽ കോസ്മെറ്റിക്സ് നൽകുന്ന കരാറെടുത്ത നദീമാണ് സ്വർണക്കടത്ത് കണ്ണികളെ ഒരുമിപ്പിച്ചത്. ദുബായിലെ കൺസ്ട്രക്ഷൻ കമ്പനിയുടെ വർക്കിംഗ് പാർട്ണർ കൂടിയായ നദീം ബർദുബായ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്.
ദുബായിലെ കരാമയിൽ ബ്യൂട്ടിസലൂൺ നടത്തുന്ന തിരുവനന്തപുരത്തുകാരിയെ ദുബായ് കേന്ദ്രമായി സ്വർണക്കടത്ത് നടത്തുന്ന തിരുവനന്തപുരം സ്വദേശിക്ക് പരിചയപ്പെടുത്തിയത് നദീമായിരുന്നു. ദുബായിലെ ദെയ്റയിലെ സലാഹ്- അൽ- ദിൻ മെട്രോ സ്റ്റേഷനിൽ വച്ച് മൂവരും ചേർന്നാണ് 25കിലോ സ്വർണം കടത്താൻ പദ്ധതിയിട്ടതെന്നും ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. പോയി വരാനുള്ള വിമാനടിക്കറ്റും 2000 ദിർഹവുമായിരുന്നു യുവതിക്കുള്ള വാഗ്ദാനം. ദുബായിലെ റോയൽ ജുവലറിയിൽ നിന്ന് സ്വർണം വാങ്ങിയതിന്റെ രേഖകൾ ദുബായ് എയർപോർട്ടിൽ കാണിച്ചാൽ അനുമതി കിട്ടുമെന്നാണ് ഇവർ യുവതിയോട് പറഞ്ഞിരുന്നത്. ഇവർ കടത്തിയ സ്വർണം വാങ്ങിയിരുന്നത് മലപ്പുറത്തെ ഹക്കിം, മുഹമ്മദാലി എന്നിവരാണ്.
കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ ഒത്താശയിൽ 2018 ഒക്ടോബർ മുതൽ 2019 മേയ് വരെയുള്ള കാലയളവിൽ 230കോടി വിലയുള്ള 680 കിലോഗ്രാം സ്വർണം ഈ സംഘം കടത്തിയെന്നാണ് ഡി.ആർ.ഐ കണ്ടെത്തിയത്. ഇതിൽ 25കിലോ സ്വർണം മാത്രമാണ് പിടികൂടാനായത്. 680കിലോയെന്നത് ഏറ്റവും കുറഞ്ഞ കണക്കാണെന്നും (മിനിമം) കൂടിയത് രണ്ടായിരം കിലോഗ്രാം വരെയാകാമെന്നും ഡി.ആർ.ഐ പറയുന്നു. ഈ സ്വർണമെല്ലാം കിഴക്കേകോട്ടയിലെ ചെറിയ സ്വർണക്കടയിൽ നൽകിയെന്നാണ് പ്രതികളുടെ മൊഴി.
ഭീകരബന്ധം
മൂവാറ്റുപുഴ, കാസർകോട്, കോഴിക്കോട്, പെരുമ്പാവൂർ സംഘങ്ങൾ എന്നറിയപ്പെടുന്ന സംഘങ്ങളാണ് കേരളത്തിലേക്ക് സ്വർണം കടത്തുന്നത്. ഇതിൽ പെരുമ്പാവൂർ, മൂവാറ്റുപുഴ ഗ്യാംഗുകൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. സ്വർണക്കടത്തിലൂടെ കിട്ടുന്ന പണം തീവ്രവാദത്തിനായി ഉപയോഗിക്കപ്പെടുന്നതായാണ് വിവരം. കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിലെ പ്രതിയായിരുന്ന അബ്ദുൾഹാലിം, പെരുമ്പാവൂർ സ്വദേശികളായ അജിംസ്, അനസ്, കണ്ണൂർ സ്വദേശി നസീർ എന്നിവരടക്കം എട്ടുപേരാണ് പെരുമ്പാവൂർ സംഘത്തിലെ പ്രധാനികൾ. ഈ സംഘത്തിലെ 4പേർക്ക് 100കോടിയിലേറെ ആസ്തിയുണ്ടെന്ന് ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര സാമ്പത്തികകാര്യ രഹസ്യാന്വേഷണ വിഭാഗവും നടപടിയെടുത്തിരുന്നു. മുംബയ് വിമാനത്താവളം വഴി 200കിലോ സ്വർണം കടത്തിയ കേസിലും ഇവർക്കെതിരായാണ് അന്വേഷണം. വർഷങ്ങൾക്കു മുൻപ് പെരുമ്പാവൂരിൽ പ്ലൈവുഡ്ഫാക്ടറി തുടങ്ങിയ നസീർഅലിയാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പെരുമ്പാവൂരിലെ ലോഹം ഉരുക്ക് കേന്ദ്രത്തിനു വേണ്ടിയുള്ള ആക്രി സാധനങ്ങളെന്ന വ്യാജേനയാണ് വൻതോതിൽ സ്വർണം കടത്തിയത്.
നെടുമ്പാശേരിയിലെ സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടാളികളാക്കിയാണ് കടത്ത് നടത്തുന്നത്. നാലുവർഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കി, വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ അടക്കം 36പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒമ്പതുപേരെ കൊഫെപോസ ചുമത്തി ജയിലിലടച്ചു. ജയിൽ മോചിതരായ ഇവരെല്ലാം സ്വർണക്കടത്തിൽ സജീവമായി. ടോയ്ലറ്റുകളിൽ കിലോക്കണക്കിന് സ്വർണം ഉപേക്ഷിക്കുന്നതും ഇവരുടെ രീതിയാണ്. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻകിട സംഘമാണ് കോഴിക്കോട് ഗ്യാംഗ്. കണ്ണൂർ, മംഗലാപുരം വിമാനത്താവളങ്ങളിലൂടെ കടത്തു നടത്തുന്ന കാസർകോട് ഗ്യാംഗ് സ്വർണത്തിന് പുറമെ സിഗരറ്റ്, ഹവാലപ്പണം, കുങ്കുമപൂവ് എന്നിവയും കടത്തും.
സ്വന്തമായി 'ഉരുക്കു" ശാലകളും
സ്വർണക്കടത്ത് സംഘങ്ങൾക്ക് സ്വന്തമായി സ്വർണം ഉരുക്കൽ ശാലകളുണ്ട്. കടത്തിക്കൊണ്ടുവരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയാലേ കേസുള്ളൂ. തൊണ്ടി കിട്ടിയില്ലെങ്കിൽ കേസെടുക്കാനാവില്ല. അതിനാലാണ് ഉരുക്കി മാറ്റുന്നത്. പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ലോഹം ഉരുക്ക് കേന്ദ്രം സ്വർണം ഉരുക്കാനുള്ളതാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. മിശ്രിത രൂപത്തിൽ കടത്തിക്കൊണ്ട് വരുന്ന സ്വർണം വേർതിരിച്ചെടുക്കുന്ന രഹസ്യകേന്ദ്രം നീലേശ്വരത്ത് പ്രവർത്തിക്കുന്നുണ്ട്. ഒരു വർഷത്തിനിടെ 1000കിലോയിലധികം സ്വർണം ഉരുക്കിയതായാണ് വിവരം. തമിഴ്നാട്ടിലെ ട്രിച്ചിയിലും സ്വർണം ഉരുക്കൽ കേന്ദ്രമുണ്ട്.
(പരമ്പര തുടരും)