തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിൽ തകർന്നവരിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനത്തെ ടൂറിസവും അതിനെ ആശ്രയിച്ചിരുന്ന വാഹന മേഖലയും. കൊവിഡിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടയ്ക്കുകയും വിനോദയാത്രകൾ നിൽക്കുകയും ചെയ്തതോടെ ടൂറിസ്റ്റ് വാഹന മേഖലയും 'ലോക്ക് ഡൗണി'ലായി. അഞ്ച് മാസമായി ടൂറസ്റ്റ് വാഹനങ്ങളെല്ലാം കട്ടപ്പുറത്ത് വിശ്രമത്തിലാണ്. മികച്ച വരുമാനം ലഭിക്കേണ്ട ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിനോദയാത്രകൾ ഭൂരിഭാഗം സ്കൂളുകളും ഒഴിവാക്കി. തുടർന്ന് അവധിക്കാല വിനോദയാത്രാ സീസണും തീർത്ഥയാത്രകളുമെല്ലാം കൊവിഡിൽ മുടങ്ങി. ഏപ്രിൽ മുതൽ ജൂൺ വരെയുണ്ടായിരുന്ന വിവാഹ സീസണും ഇല്ലാതായി.
ഓട്ടമില്ലാത്ത വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും ഉടമകൾക്ക് വെല്ലുവിളിയാകുകയാണ്. എൻജിനും സ്‌പെയർ പാർട്‌സുകളും കേടാകാതിരിക്കാൻ വലിയ തുക തന്നെ ചെലവാക്കണം. ടയർ, ബാറ്ററി, എ.സി, സീറ്റുകൾ, ഗ്ലാസ് കർട്ടനുകൾ എന്നിവയെല്ലാം നശിക്കുകയാണ്. ടാക്സ്, ലോൺ തുടങ്ങി ചെലവുകൾ വേറെയുമുണ്ട്. ഓട്ടമില്ലാതായതോടെ പാർക്കിംഗിനുള്ള സ്ഥലവാടകയും മുടങ്ങി. നികുതിയിൽ നിന്ന് ഒഴിവാക്കാൻ ഭൂരിഭാഗം ഉടമകളും സ്റ്റോപ്പേജ് നൽകി വാഹനങ്ങൾ ഷെഡിലിട്ടിരിക്കുകയാണ്.
വാഹനങ്ങളുടെ നികുതി (മൂന്ന് മാസം)
49 പുഷ്ബാക്ക് സീറ്റുള്ള ബസുകൾക്ക്- 49,000 രൂപ
പുഷ്ബാക്ക് സീറ്റില്ലാത്തവയ്‌ക്ക്- 36,750
മറ്റു വാഹനങ്ങളിൽ പുഷ്ബാക്ക് സീറ്റൊന്നിന്- 1000
പുഷ്ബാക്കില്ലാത്ത സീറ്റുകൾക്ക്- 750
(കൂടാതെ ഇൻഷ്വറൻസ്, ക്ഷേമനിധി വിഹിതം, ബാങ്ക് ലോൺ തുടങ്ങിയ ബാദ്ധ്യതകളുമുണ്ട്)
''
ഡിസംബർ മുതൽ കുറച്ചു ദിവസം ശബരിമല യാത്രകൾ ലഭിച്ചതിന് ശേഷം കാര്യമായ ട്രിപ്പുകൾ കിട്ടിയില്ല. ജനുവരി പകുതി മുതൽ പണി കുറഞ്ഞു. കല്യാണ ഓട്ടങ്ങളും കിട്ടിയില്ല. നികുതിയും വണ്ടിയുടെ അറ്റകുറ്റപ്പണികളും താങ്ങാനാകാത്ത അവസ്ഥയിലാണ്. നികുതി ഒഴിവാക്കാൻ സർക്കാർ തയ്യാറാകണം.
- പ്രശാന്തൻ. എസ്
സംസ്ഥാന സെക്രട്ടറി, കോൺട്രാക്ട് ഗാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ