v
നേതാജി റോഡ്

കടയ്ക്കാവൂർ: റയിൽവേ സ്റ്റേഷന് മുൻവശമുള്ള നേതാജി റോഡിന് ഇനിയും ശാപമോക്ഷമില്ലേ എന്ന ചോദ്യമാണ് യാത്രക്കാർക്കുള്ളത്. റയിൽവേ സ്റ്റേഷൻ,സബ് ട്രഷറി, സബ്‌ രജിസ്റ്റാർ ഓഫീസ്, നേതാജി സ്മാരക മന്ദിരം, ആധാരമെഴുത്താഫീസുകൾ, കരീച്ചിറ, വക്കം എന്നിവിടങ്ങളിൽ പോകാനുള്ള യാത്രക്കാർ ഉപയോഗിക്കുന്ന റോഡായതിനാൽ വളരയധികം യാത്രാ തിരക്കുള്ള റോഡാണ്. റോഡ് എന്ന പേരു മാത്രമേയുള്ളു. ചെമ്മൺ പാതയാണിപ്പോഴും. മഴപെയ്താൽ ഏതാണ്ട് മുട്ടൊപ്പം വെള്ളം പൊങ്ങും. വാഹനങ്ങൾ പോകുന്ന ചെമ്മൺ പാതയായതിനാൽ കുണ്ടുംകുഴിയും ചെളികെട്ടുമായി രൂപാന്തരപെട്ടിരിക്കുകയാണ്.

ഇതു വഴി സഞ്ചരിക്കുന്ന കാൽനടയാത്രക്കാരും ടൂവീലർ യാത്രക്കാരും പലപ്പോഴും അപകടത്തിൽ പെടുന്നുണ്ട്. ഗർഭിണിയുമായി വന്ന ഓട്ടോ മറിഞ്ഞു പരിക്ക് പറ്റിയ സംഭവം വ‌രെയുണ്ട്. രാത്രികാലങ്ങളിൽ ആൾസഞ്ചാരം കുറവും തെരുവ് വിളക്കുകൾ ഇല്ലാത്തതിനാലും അറവ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഇവിടെ കൊണ്ട് തള്ളുന്നതും പതിവാണ്. ഇവയെല്ലാം കിടന്ന് അഴുകിയുള്ള രൂക്ഷഗന്ധം പ്രദേശവാസികൾക്ക് സാംക്രമിക രോഗങ്ങളും ഉണ്ടാക്കുന്നു. റയിൽവേയുടെ അധീനതയിലുള്ള സ്ഥലമാണെന്നും അതുകൊണ്ടാണ് റോഡ് നവീകരിക്കാൻ കഴിയാത്തതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.