photo

വിതുര: ആദിവാസി സമൂഹത്തിന്റെ അത്താണിയായ തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറ ആയുർവേദ ആശുപത്രിയിൽ ഇൻ പേഷ്യന്റ് വിഭാഗം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആദിവാസികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി അര നൂറ്റാണ്ട് മുൻപാണ് ഇവിടെ ആയുർവേദ ആശുപത്രി അനുവദിച്ചത്. തുടക്കത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ പ്രവർത്തനം വർഷങ്ങൾ പിന്നിട്ടതോടെ താളം തെറ്റുകയായിരുന്നു. ഇപ്പോൾ പരിമിതികൾക്കും, പരാധീനതകൾക്കും നടുവിലാണ് പ്രവർത്തനം. ആശുപത്രിയിൽ എത്താൻ യാത്രാസൗകര്യവും കുറവാണ്. ആശുപത്രിയിൽ കിടത്തി ചികിത്സ ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി വാഗ്ദാനം നടത്തിയെങ്കിലും അരനൂറ്റാണ്ട് കഴിഞ്ഞിട്ടും യാഥാർത്ഥ്യമായിട്ടില്ല.തൊളിക്കോട്, ആര്യനാട്, കുറ്റിച്ചൽ, വിതുര, ഉഴമലയ്ക്കൽ, പൂവച്ചൽ, പെരിങ്ങമ്മല എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള നൂറ് കണക്കിന് ആദിവാസികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി അധികാരികൾക്ക് നൂറ് കണക്കിന് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. അനവധി തവണ സമരങ്ങളും അരങ്ങേറി. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടി എത്തുന്ന രാഷ്ട്രീയ കക്ഷികൾക്ക് മുന്നിൽ നാട്ടുകാർ ആശുപത്രിയുടെ അവസ്ഥ ചൂണ്ടിക്കാട്ടാറുണ്ട്. വിജയിപ്പിച്ചാൽ ശരിയാക്കി തരാമെന്നു വാഗ്ദാനം നടത്താറുണ്ടെങ്കിലും കാര്യം സാധിച്ചു കഴിഞ്ഞാൽ തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ആശുപത്രിയുടെ വികസനത്തിനായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല.

 പ്രവർത്തന സമയം - രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ

 5 പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ആശ്രയം

പ്രധാന പ്രശ്നങ്ങൾ

1)ആശുപത്രിയിലേക്ക് വരാൻ യാത്രാസൗകര്യം കുറവ്

2)ആവശ്യത്തിന് ജീവനക്കാരില്ല

3)കിടത്തി ചികിത്സയും ആരംഭിച്ചില്ല

അവഗണിക്കുന്ന ആവശ്യം

അഞ്ചു പഞ്ചായത്തുകളിലെ ആദിവാസികൾക്ക് ഏറെ പ്രയോജനകരമായ ആശുപത്രിയിൽ പത്തു കിടക്കകൾ അനുവദിച്ചു കിടത്തി ചികിത്സ ആരംഭിക്കണമെന്നാണ് മുഖ്യ ആവശ്യം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ബഹിഷ്കരണമുൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ചെട്ടിയാംപാറ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം. വേണ്ടത്ര ജീവനക്കാരെ നിയമിക്കണം. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിക്കും, ഭാരതീയ നാട്ടുചികിത്സ വകുപ്പ് ഡയറക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

പി. ഭാർഗവൻ (പ്രസിഡന്റ് ),

കെ. രഘുപൊൻപാറ (ജനറൽ സെക്രട്ടറി),

ആദിവാസി കാണിക്കാർ സംയുക്ത സംഘം സംസ്ഥാന കമ്മിറ്റി