pain

കർക്കടകത്തിൽ പഴയതുപോലെ മഴയില്ലെങ്കിലും വേദനകളെ വർദ്ധിപ്പിക്കാൻ ഇതുതന്നെ മതിയാകും. രാത്രികളിൽ ശരീര വേദന കൂടുന്നതും രാവിലെ എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുന്നതും ഇതുകൊണ്ടാണ്. സന്ധികൾ അനക്കാൻ പ്രയാസപ്പെടുന്നവർക്ക് പോലും ശരിയായ ചികിത്സ ഈ കൊവിഡ് കാലത്ത് ലഭിക്കാനിടയില്ല.

അന്തരീക്ഷത്തിൽ ചെറിയ തണുപ്പ് ആകുമ്പോൾ തന്നെ പലരുടെയും പരാതിയാണ് ശരീരവേദന. മുമ്പ് ഉണ്ടായിരുന്ന വേദന ഒറ്റ ദിവസം കൊണ്ട് വളരെ വർദ്ധിക്കുകയോ പുതിയ വേദന ഉണ്ടാവുകയോ ചെയ്യുന്നത് വല്ലാതെ ബുദ്ധി മുട്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പല രോഗങ്ങൾക്കും വേദന ഒരു പ്രധാന ലക്ഷണമാണെന്ന് എല്ലാർക്കും അറിയാം.എന്നാൽ നീരും വേദനയും ഒരുമിച്ച് ഉണ്ടാകുമ്പോൾ സന്ധികൾ അനക്കാൻ പോലും കഴിയാത്ത അവസ്ഥ ഒരിക്കലെങ്കിലും അനുഭവിച്ചവർ പെട്ടെന്ന് അത് മറക്കാനിടയില്ല.

നല്ല തണുപ്പുള്ള പ്രദേശത്ത് വസിക്കുന്നവർ തണുപ്പ് അധികമായി എൽക്കാതിരിക്കുന്ന വിധത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കും.എന്നാൽ കേരളത്തിൽ ഇപ്പോൾ ചില ദിവസങ്ങളിൽ മാത്രം, പ്രത്യേകിച്ച് രാത്രിയുടെ ചില യാമങ്ങളിൽ മാത്രമാണ് മഴയും തണുപ്പുമുള്ളത്.

രാത്രി ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നത്, ശരീരം തണുത്തിരിക്കുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നത്, തണുത്ത ആഹാരം കൂടുതൽ കഴിക്കുന്നത്, ശരീരത്തിൽ തണുപ്പടിക്കുന്നത്, അമിതഅധ്വാനം എന്നിവയൊക്കെ വേദന വർദ്ധിക്കാൻ ഇടയാക്കുന്നു.

ഡിസംബർ, ജനുവരി മാസങ്ങളിൽ ഇത് വളരെ പ്രയാസമുണ്ടാക്കാറുണ്ട്. എന്നാൽ, വാതവർദ്ധനവുള്ളവരിൽ ഇപ്പോഴത്തെ ചെറിയ തണുപ്പു പോലും അസഹനീയമാണ്.

വേദനയും വീക്കവുമുള്ള ഭാഗം അത് കുറയുന്നതുവരെ അനക്കാതെ വയ്ക്കുന്നതാണ് നല്ലത്. വേദന കുറയുന്ന മുറയ്ക്ക് ചലിപ്പിക്കുകയും വേണം.
വേദന തോന്നിയാലുടൻ ഡോക്ടറെ കാണാതെയും ഉപദേശം ചോദിക്കാതെയും തോന്നിയ തൈലം പുരട്ടി നല്ല പോലെ തിരുമ്മുന്ന വരെ കാണാറുണ്ട്. വേദന വർദ്ധിക്കാൻ ആ ഒരൊറ്റ കാരണം മാത്രം മതിയെന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ. വേദനാ സംഹാരികൾ തോന്നിയ പോലെ കഴിക്കുന്നത് ഒരു കാരണവശാലും നല്ലതല്ല .

അപ്പോൾ രണ്ട് മാർഗങ്ങൾ മാത്രമേ നമ്മുടെ മുന്നിലുള്ളൂ. വേദന വന്നാൽ ഡോക്ടറുടെ നിർദേശം തേടാം. അപ്രതീക്ഷിതമായി വേദന വരാതിരിക്കാൻ മേൽപറഞ്ഞ കാരണങ്ങളെ ഒഴിവാക്കാം. കൊവിഡ് ആയതിനാൽ ഡോക്ടറുടെ ഉപദേശത്തിനായി ഫോണിൽ വിളിക്കുകയോ, വാട്സ് ആപ്പ്, മെയിൽ തുടങ്ങിയ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുകയോ ചെയ്യുക.