വാക്സിൻ കണ്ടെത്തും വരെ കൊവിഡ് രോഗത്തോടൊപ്പം ജീവിക്കാൻ ജനങ്ങൾ പഠിക്കേണ്ടിവരും എന്ന മട്ടിലാണ് രോഗവ്യാപനത്തിന്റെ പോക്ക്. കൃത്യമായി എന്നു മുതൽ വാക്സിൻ പ്രയോഗിക്കാനാവും എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. പരിഹാരം ഉണ്ടാകും, ഉണ്ടാകാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയുമായി ജനങ്ങൾ വീർപ്പുമുട്ടി പരമാവധി ഒതുങ്ങി ജീവിക്കുമ്പോഴും രോഗവ്യാപനവും മരണതാണ്ഡവവും നാൾക്കുനാൾ കൂടിക്കൂടി വരുന്നു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 14.83 ലക്ഷമായി. ഒരു ദിവസം അമ്പതിനായിരത്തിനടുത്ത് രോഗികളാണ് ഉണ്ടാകുന്നത്. ഒറ്റ ദിവസത്തിലെ മരണം 654ലും ആയി. രാജ്യത്ത് ആകെ മരണം 33,425 ആയി. നിലവിൽ രാജ്യത്ത് 4,96,988 പേർ ചികിത്സയിലാണ്. എന്നാൽ രോഗമുക്തരുടെ എണ്ണം 9,52,744 ആണെന്നത് കൂരിരുട്ടിനിടയിൽ ചെറുവിളക്കിന്റെ ഇത്തിരി വെട്ടം പോലെ പ്രതീക്ഷ പകരുന്നു.
മഹാരാഷ്ട്രയും തമിഴ്നാടും ഡൽഹിയുമാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. ആന്ധ്രയും കർണാടകവും തൊട്ട് പിറകിലും.
രോഗവ്യാപനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ യു.എസിനും ബ്രസീലിനും പിറകെ ഇന്ത്യ മൂന്നാമത് എത്തിയിരിക്കുന്നു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിന്റെ സ്ഥിതി ഭീതിജനകമല്ല. ജൂലായ് 27 വരെയുള്ള കണക്ക് പ്രകാരം 19727 രോഗികളുണ്ട്. 9609 പേർ ഇപ്പോൾ ചികിത്സയിലുള്ളപ്പോൾ രോഗമുക്തരുടെ എണ്ണം 10045 ആയി. മൊത്തം മരണം 63.
എന്നാൽ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 3,54,480 മാത്രമാണ്. രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ പരിശോധന ഇനിയും വർദ്ധിപ്പിക്കേണ്ടത് രോഗവ്യാപനം തടയുന്നതിന് അനിവാര്യമാണ്. ലോക്ക് ഡൗൺകൊണ്ട് മാത്രം രോഗവ്യാപനം തടയാനാവില്ല. രോഗിയെ കണ്ടെത്തി, മറ്റുള്ളവരിൽ നിന്ന് അകന്ന് കഴിയാനുള്ള സാഹചര്യം രോഗിക്ക് നൽകുമ്പോൾ മാത്രമേ രോഗവ്യാപനം തടയാനാവൂ. നിലവിലെ സാഹചര്യം പരിശോധിച്ചാൽ ഒരു നിശ്ചിത പ്രദേശത്ത് മാത്രമല്ല ഗ്രാമ - നഗര വ്യത്യാസമില്ലാതെ രോഗം കാണപ്പെടുന്നു. മറ്റ് കാരണങ്ങളുമായി മരണപ്പെടുന്നവരിൽ പോലും കൊവിഡ് കണ്ടെത്തുന്നു. തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ടെസ്റ്റിംഗ് വർദ്ധിപ്പിച്ചെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. ഇന്നലത്തെ കണക്ക് അനുസരിച്ച് 24 മണിക്കൂറിനകം 18,417 സാമ്പിളുകൾ പരിശോധിച്ചതായാണ് സർക്കാർ വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തിൽ 500ൽ താഴെയായിരുന്നു പരിശോധന. ഇതുവച്ച് നോക്കുമ്പോൾ പരിശോധനയിൽ വർദ്ധനയുണ്ട്. എന്നാൽ ഇപ്പോഴത്തെ ടെസ്റ്റിംഗ് നിരക്ക് ഇരട്ടിയായി വർദ്ധിപ്പിച്ചാൽ മാത്രമേ രോഗവ്യാപനം ചെറുക്കാൻ കഴിയൂ. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് പിന്നിലല്ല, മുന്നിലാണ് നാം സഞ്ചരിക്കേണ്ടത്.ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ് ഇതാണ് കൊവിഡ് പ്രതിരോധത്തിനുള്ള പോംവഴിയായി ലോകാരോഗ്യ സംഘടന പറയുന്നത്.
പരിശോധനയുടെ എണ്ണം കൂട്ടിയാൽ രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയെങ്കിലും ആവാനാണ് സാദ്ധ്യത. ഇതിന്റെ അർത്ഥം എല്ലാവരെയും പിടിച്ച് പരിശോധനയ്ക്ക് വിധേയമാക്കണമെന്നല്ല. ഹോട്ട് സ്പോട്ടുകളിൽ കഴിയുന്നവരിൽ ഒരു നിശ്ചിത ശതമാനത്തിനെയെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കണം. പോസിറ്റീവ് ആകുന്ന എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുക എന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയെപ്പറ്റി ഇപ്പോൾ തന്നെ പരാതികളുണ്ട്.
രോഗികളുടെ എണ്ണം കൂടുകയും ആരോഗ്യപ്രവർത്തകരുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുമ്പോൾ രോഗനിയന്ത്രണം കൈവിട്ടുപോകും. കടുത്ത ലക്ഷണങ്ങൾ ഉള്ളവരെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിക്കണം. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ അവരവരുടെ വീടുകളിൽ തന്നെ പാർപ്പിച്ച് ചികിത്സിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതാണ് പ്രായോഗികം. വീടുകളിൽ രോഗികളെ സന്ദർശിക്കാൻ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മൊബൈൽ യൂണിറ്റുകൾ രൂപീകരിക്കണം. സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഇതിൽ തേടാവുന്നതാണ്. പരിശോധന വർദ്ധിപ്പിക്കാൻ മൊബൈൽ വൈറോളജി ലാബുകൾ സജ്ജീകരിച്ച വാഹനങ്ങളും ഏർപ്പെടുത്തണം. രോഗികളെ എല്ലാം ഒരിടത്തേക്ക് മാറ്റി ചികിത്സിക്കുന്നതിന് പകരം രോഗികൾ ഉള്ള സ്ഥലങ്ങളിൽ എത്തി ചികിത്സയ്ക്കുള്ള സൗകര്യം അവിടെ തന്നെ നൽകുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
പരിശോധനാ ഫലങ്ങൾ ലഭിക്കാൻ ഇപ്പോൾ വളരെ കാലതാമസം നേരിടുന്നുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ള തിരുവനന്തപുരത്ത് ശരാശരി നാല് ദിവസം കഴിഞ്ഞാണ് ഫലം ലഭിക്കുന്നത്. ഇനിയും സംസ്ഥാനത്തുടനീളം 3842 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നാണ് സർക്കാർ പറയുന്നത്. തലസ്ഥാനത്ത് മെഡിക്കൽ കോളേജ്, രാജീവ്ഗാന്ധി സെന്റർ, ശ്രീചിത്ര, പബ്ലിക് ലാബ് എന്നിവിടങ്ങളിൽ പരിശോധനാ സൗകര്യങ്ങളുണ്ടെങ്കിലും മെഡിക്കൽ കോളേജിലും രാജീവ്ഗാന്ധി സെന്ററിലും മാത്രമാണ് തലസ്ഥാനത്തെ പരിശോധന നടക്കുന്നത്. ലാബ് ഇല്ലാത്ത കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സാമ്പിളുകളാണ് മറ്റ് ജില്ലകളിൽ പരിശോധിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളിലും ലാബ് സജ്ജമാക്കിയിട്ടില്ല. ഫലം ലഭിക്കാൻ വൈകുന്നത് രോഗപ്രതിരോധത്തിന് പ്രതിസന്ധിയായിട്ടുണ്ട്.
രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വീടുകളിലെ ചികിത്സയാണ് പ്രായോഗികമെന്ന് ഈ രംഗത്തെ വിദഗ്ദ്ധരും ഇപ്പോൾ അഭിപ്രായപ്പെട്ടുതുടങ്ങിയിരിക്കുന്നു. സർക്കാരിന്റെ ഇമേജിനെ രോഗികളുടെ എണ്ണം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. സർക്കാരിന്റെ കഴിവുകേട് കൊണ്ട് ഉണ്ടായ രോഗമൊന്നുമല്ല ഇത്. സർക്കാർ ഫലപ്രദമായ കർമ്മം ചെയ്യുക. അതിന്റെ തുടർച്ചയായി വരുന്ന ഫലത്തെക്കുറിച്ചോ ഖ്യാതിയെക്കുറിച്ചോ എന്തിന് അപഖ്യാതിയെക്കുറിച്ചോ ഇപ്പോൾ ചിന്തിക്കേണ്ട കാര്യമില്ല.
മറ്റ് രോഗങ്ങൾ ഇല്ലാത്തവരും ലക്ഷണങ്ങൾ ഇല്ലാത്തവരുമായ കൊവിഡ് രോഗികളെ മാത്രമേ വീടുകളിൽ പാർപ്പിക്കാവൂ. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത് വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. ഒരു വിളിപ്പാടകലെ ആശുപത്രി സേവനവും അവർക്ക് ലഭ്യമാക്കണം. ഒപ്പമുണ്ട് എന്ന ആത്മവിശ്വാസം പകർന്ന് നൽകാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്.