chennithala

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് മുമ്പേ കൺസൾട്ടൻസി നൽകിയത് വഴി സംസ്ഥാനത്തിന് 4.6 കോടി രൂപ നഷ്ടമായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

നിരവധി ആരോപണങ്ങൾ നേരിടുകയും, ലോകബാങ്കിന്റെ വിലക്കിന് വിധേയമാവുകയും ചെയ്ത അമേരിക്കൻ കമ്പനി ലൂയിസ് ബർഗിനെയാണ് കൺസൾട്ടൻസിയായി നിയമിച്ചത്. 2018ൽ നിയമിച്ച കൺസൾട്ടൻസിക്ക് ഇതുവരെ അങ്ങോട്ടേക്ക് കടക്കാനായിട്ടില്ലെന്ന് വിമാനത്താവള സ്പെഷ്യൽ ഓഫീസർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ലൂയിസ് ബർഗർ സമർപ്പിച്ച 38 പേജുള്ള റിപ്പോർട്ടിലും ഇത് പറയുന്നു. 2017 നവംബറിലാണ് ശബരിമല വിമാനത്താവള പദ്ധതിക്ക് രൂപം നൽകിയത്. സ്ഥലം കണ്ടെത്തുന്നതിന് മുമ്പ് ആഗോള ടെൻഡർ വിളിച്ച് ലൂയിസ് ബർഗറിനെ കൺസൾട്ടൻസിയായി വച്ചു. പദ്ധതിക്ക് നിശ്ചയിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആർക്കെന്നതിൽ തങ്ങൾക്ക് തർക്കമില്ല. എന്നാൽ സർക്കാരിന് സംശയമുണ്ട്.

. സംസ്ഥാനത്ത് റോഡുകളുടെ പണിക്ക് പോലും കൺസൾട്ടൻസികളെ നിയമിക്കുന്നത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകർക്കുന്നതാണ്.അഴിമതിയിൽ കുളിച്ചു നിൽക്കുന്ന സംസ്ഥാന സർക്കാർ. കൺസൾട്ടൻസി രാജാണിവിടെ നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് അഴിമതികളത്രയും നടക്കുന്നത്. മുഖ്യമന്ത്രി രാജി വച്ച് സി.ബി.ഐ അന്വേഷണം നടത്തണം.

യു.ഡി..എഫ് എം.പിമാരും എം.എൽ.എമാരും ഡി.സി.സി പ്രസിഡന്റുമാരും യു.ഡി.എഫ് ജില്ലാ ചെയർമാൻമാരും കൺവീനർമാരും അവരുടെ വീടുകളിൽ ആഗസ്റ്റ് ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന സമര പരിപാടി 3ലേക്ക് മാറ്റി. ആഗസ്റ്റ് 10ലെ സമര പരിപാടിയിൽ മാറ്റമില്ലെന്ന് ചെന്നിത്തല അറിയിച്ചു.

എന്റെ ഡി.എൻ.എകോടിയേരി
പരിശോധിക്കേണ്ട

തന്റെ ഡി.എൻ.എ പരിശോധന കോടിയേരി ബാലകൃഷ്ണൻ നടത്തേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല ആർ.എസ്.എസിന് പ്രിയപ്പെട്ട നേതാവാണെന്ന കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നെ ജനങ്ങൾക്കറിയാം. പത്ത് നാൽപ്പത് കൊല്ലമായി ഞാനീ കച്ചവടവുമായി ഇറങ്ങിയിട്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ പല കാരണങ്ങളാൽ കോടിയേരി അർഹനല്ല. പച്ച വർഗീയത പറയുന്നയാൾക്ക് അങ്ങനെയൊരു സ്ഥാനത്തിരിക്കാനവകാശമില്ല. സ്വർണ്ണക്കടത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നയാളാണ് കോടിയേരി. എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത് - ചെന്നിത്തല പറഞ്ഞു.