photo

നെടുമങ്ങാട്: കാട്ടിൽ നിന്നു നാട്ടിലേക്കിറങ്ങി വീട്ടുമുറ്റങ്ങളിൽ പീലി വിരിച്ച് നൃത്തം വയ്ക്കുന്ന മയിലുകൾ മലയോര പ്രദേശങ്ങളിൽ പതിവുകാഴ്ചയാണ്. എന്നാൽ, രണ്ട് ആൺമയിലുകൾ തമ്മിലുള്ള ഉഗ്രൻ ഏറ്റുമുട്ടലിന് ദൃക്സാക്ഷികളായതിന്റെ ത്രില്ലിലാണ് പച്ചമല നിവാസികൾ. പറന്നുയർന്നും ചാടി മറിഞ്ഞും മയിലുകൾ തമ്മിൽ അര മണിക്കൂറോളം പൊരിഞ്ഞ യുദ്ധമായിരുന്നു. മയിലാട്ടം കണ്ട് കാഴ്ചക്കാർ സ്തബ്ദരായി നിന്നുപോയി. 'കോഴിപ്പോരിന്റെ" വീറും വാശിയും പ്രകടമാക്കുന്നതായിരുന്നു പോര്. ക്ലൈമാക്സിൽ അപ്രതീക്ഷിതമായി കടന്നുവന്ന ബൈക്കിന്റെ മുരൾച്ച കേട്ട് ഭയന്ന് ഇരുവരും കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. പാലോട് റേഞ്ച് ഫോറസ്റ്റിൽപ്പെട്ട കുറുപുഴ പച്ചമലയിൽ പൊലീസുകാരൻ ബിജുവിന്റെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് 'മയിൽപ്പോര്" അരങ്ങേറിയത്. ബിജുവിന്റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ഫോട്ടോ എടുക്കാനെത്തിയ നെടുമങ്ങാട് കൗമുദി സ്റ്റുഡിയോയിലെ വികാസ് മയിലാട്ടം കാമറയിൽ പകർത്തുകയായിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ ചിത്രം വൈറലായിട്ടുണ്ട്.