പാലോട്: നന്ദിയോട് പഞ്ചായത്തിലെ കൊവിഡ് റിപ്പോർട്ട് ചെയ്ത നാലു വാർഡുകളിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റീവായത് നാട്ടുകാർക്ക് ആശ്വാസമായി. ഇവരെ കൂടാതെ ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കും ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആന്റിജൻ ടെസ്റ്റ് കഴിഞ്ഞ, സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഹോം ക്വാറന്റൈനിൽ തുടരണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജോർജ് മാത്യു അറിയിച്ചു. പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഹോട്ട് സ്പോട്ടായി തുടരുകയാണ്. നന്ദിയോട് പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഗ്രീൻ ആഡിറ്റോറിയത്തിൽ പൂർണമായും പ്രവർത്തനസജ്ജമായി. 100 കിടക്കകളുള്ള ഇവിടെ ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിംഗ് സ്റ്റാഫ്, ആംബുലൻസ് എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഈ സെന്ററിന്റെ നടത്തിപ്പിനായി നോഡൽ ഓഫീസർ ഉണ്ടാകും. വെള്ളം, വൈദ്യുതി, ഭക്ഷണം എന്നീ അടിസ്ഥാന സൗകര്യങ്ങളും, ഫ്രണ്ട് ഓഫീസ്, കൺസൾട്ടിംഗ് റൂം, നഴ്സിംഗ് സ്റ്റേഷൻ, ഫാർമസി, ഒബ്സർവേഷൻ റൂം, മൊബൈൽ ചാർജിംഗ് പോയിന്റ് എന്നിവയും ഇവിടെ സജ്ജമാക്കി. സമീപ പഞ്ചായത്തായ പെരിങ്ങമ്മലയിൽ സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണർത്തുന്നതാണെങ്കിലും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ട് മറികടക്കാൻ കഴിയുന്നുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിലെ വേങ്കൊല്ല, ചിപ്പൻചിറ, കൊല്ലായിൽ, മടത്തറ എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കി. ചിപ്പൻചിറ, കൊല്ലായിൽ എന്നിവിടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.