കാട്ടാക്കട: അഗസ്ത്യവനമേഖല ഉൾപ്പെടുന്ന ആദിവാസി സെറ്റിൽമെന്റുകളുള്ള കുറ്റിച്ചൽ പഞ്ചായത്തിൽ മെഡിക്കൽ ഓഫീസർ ഇല്ലാതായിട്ട് രണ്ടാഴ്ചയിലേറെയായി. ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ആശുപത്രിയിലാണ് ഈ ദുഃസ്ഥിതി. എന്നാൽ പകരം ചുമതല നൽകിയിരിക്കുന്നതാകട്ടെ ഏറെ തിരക്കുള്ള കാട്ടാക്കട ഗവ. ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്കും. ആശുപത്രിയിൽ സമയത്തിന് ഡോക്ടർ ഇല്ലാത്തത് ദിനംപ്രതി ഒ.പിയിലെത്തുന്ന രോഗികൾക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. കുറ്റിച്ചൽ ഗവ. ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്ക് തലസ്ഥാനത്തെ കൊവിഡ് ചുമതല നൽകിയതോടെയാണ് ഇവിടെ നാഥനില്ലാതായത്. ആദിവാസികളും പിന്നാക്ക വിഭാഗക്കാരും ഉൾപ്പെടുന്ന പഞ്ചായത്തിൽ ഒരു സ്വകാര്യ ആശുപത്രി പോലുമില്ലാത്തതിനാൽ മുഴുവൻ ആളുകളും ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ആദിവാസി മേഖലയിൽ ഉൾപ്പെട 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പഞ്ചായത്തിൽ ഡോക്ടറില്ലാത്തതു കാരണം പ്രതിരോധ പ്രവർത്തനങ്ങളും താളം തെറ്റി. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനോ അവർക്ക് പരിശോധന നടത്താനോ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചതോടെ ആദിവാസി സെറ്റിൽമെന്റുകളിൽ പുറത്തുനിന്നുള്ളവർക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് കാലത്ത് ആദിവാസി മേഖലകളിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്താനായി നിരവധി പേരാണെത്തിയത്. ഇവർ വഴിയാണ് സെറ്റിൽമെന്റിൽ കൊവിഡ് പിടിപെട്ടതെന്നാണ് ജനങ്ങൾ പറയുന്നത്.
ഒത്തുകൂടൽ യഥേഷ്ടം
നെയ്യാർഡാം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് പഞ്ചായത്ത് പ്രദേശം. ഇവിടെ പൊലീസിന്റെ ശ്രദ്ധ കാര്യമായി പതിയാത്തതുകാരണം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഒത്തുകൂടലും കൊവിഡ് ചട്ടങ്ങൾ ലംഘിച്ചുള്ള വിവാഹങ്ങളുമൊക്കെ നടക്കുകയാണ്. ഇതെല്ലാം കൂടിയാകുമ്പോൾ പഞ്ചായത്തിൽ സമൂഹവ്യാപന സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യ പ്രവർത്തകർ തന്നെ പറയുന്നു.