ffff

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരക്കാരുടെ സായാഹ്നങ്ങളും ഒഴിവുകളും ആഘോഷമാക്കാനുള്ള സ്വദേശാഭിമാനി പാർക്കിന്റെ മറവിൽ അധികൃതർ നടത്തുന്നത് ലക്ഷങ്ങളുടെ അഴിമതി. പാർക്ക് നവീകരണമെന്ന പേരിൽ നഗരസഭ ചില കോൺട്രാക്ടർമാരുടെ കീശ നിറയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

രണ്ടു വ‌ർഷം കൂടുമ്പോൾ പാർക്കിലെ ചെടികൾ മാറ്റി പുതിയത് വയ്‌ക്കും. ഒപ്പം ജലധാരാ യന്ത്രവും പാർക്കിലെ ഇരിപ്പിടവും നടപ്പാതയുമെല്ലാം പുതുക്കി നിർമ്മിക്കും. ഇതിനായി ബഡ്ജറ്റിൽ15 ലക്ഷം രൂപ വീതമാണ് മാറ്റിവയ്‌ക്കുന്നത്. ശുചീകരണം മുടങ്ങിയതോടെ മൂന്ന് വർഷം മുമ്പ് നവീകരിച്ച പാർക്ക് കാടുകയറി. ആദ്യം ജലധാരാ യന്ത്രം കേടായി. ഇത് നന്നാക്കാത്തതുകാരണം യന്ത്രം മഴുവൻ കേടായി. സംരക്ഷണം കിട്ടാതായതോടെ പുൽത്തോട്ടവും നശിച്ചു.

ധാരാളം പേരാണ് മുമ്പ് പാർക്കിലെത്തിയിരുന്നത്. പക്ഷേ അവഗണന പാർക്കിനെ വിഴുങ്ങിയതോടെ ആൾക്കാരുടെ വരവും നിലച്ചു. നാട്ടുകാരുടെ പരാതി വ‌‌ർദ്ധിച്ചതോടെ കഴി‌ഞ്ഞ മാസം പാർക്ക് നവീകരണം വീണ്ടും തുടങ്ങി. മുമ്പൊരിക്കൽ നവീകരണം സ്വകാര്യ ഏജൻസിയെ ഏല്പിച്ചത് വൻ വിവാദമായിരുന്നു. തുടർന്ന് കരാർ റദ്ദാക്കി നഗരസഭ തന്നെ നവീകരിക്കുകയായിരുന്നു.

 സാംസ്കാരിക വകുപ്പിന് വിട്ടുകൊടുക്കുന്നില്ല

നഗരസഭയുടെ ഹൃദയ ഭാഗത്തുള്ള സ്വദേശാഭിമാനി പാർക്ക് കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ നവീകരിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരുന്നു. പക്ഷേ നവീകരണ പ്ലാൻ നൽകാതെ നഗരസഭ എല്ലാം പാഴാക്കി. അതിന് ശേഷമാണ് കരാറുകാരനെ പണി ഏൽപ്പിച്ചത്.

അവഗണനയുടെ പര്യായം

പാർക്ക് നവീകരിക്കാൻ നഗരസഭ ബഡ്ജറ്റിൽ അനുവദിച്ചത്- 15 ലക്ഷം രൂപ

 ശുചീകരണം ഇല്ലാതായപ്പോൾ മൂന്ന് വർഷം മുമ്പ് നവീകരിച്ച പാർക്ക് കാടായി

 സംരക്ഷണമില്ലാതായതോടെ പുൽത്തോട്ടം നശിച്ചു

 തകർച്ചയിലായതോടെ ആളുകൾ പാർക്കിലെത്താതായി

 നവീകരണത്തിന് സർക്കാർ തയ്യാറാക്കിയ പദ്ധതിയോട് നഗരസഭ മുഖംതിരിച്ചു