smasana

കിളിമാനൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ "സമത്വ തീരം " പൊതു ശ്മശാനം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഈ ശ്മശാനത്തിൽ ഈ അടുത്ത കാലത്ത് നിരവധി അക്രമങ്ങളാണ് നടന്നത്. പുകക്കുഴലിന് കേടുപാടുകൾ വരുത്തിയും, ഗ്യാസ് സിലിണ്ടറുകൾ നശിപ്പിച്ചും, രാത്രികാലങ്ങളിൽ മദ്യപന്മാരുടെ താവളമായി മാറുന്നു. വീടും കിടപ്പാടവും ഇല്ലാത്ത നൂറു കണക്കിന് സാധാരണക്കാരുടെ സ്വപ്നമായിരുന്നു ബ്ലോക്ക് പഞ്ചായത്ത് യാഥാർത്ഥ്യമാക്കിയിരുന്നത്. ബന്ധുജനങ്ങൾ ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ വീടിനോട് ചേർന്നോ വീടിനകത്തോ ഒക്കെ മൃതദേഹം അടക്കം ചെയ്യേണ്ട ഗതികേടിലായിരുന്നു ജനങ്ങൾ. ആ സാഹചര്യത്തിലാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മറ്റു പഞ്ചായത്തുകളുമായി ചേർന്ന് പൊതുശ്മശാനം എന്ന ആശയം വിഭാവനം ചെയ്തത്. ഇതേ തുടർന്ന് ഡിസംബറിൽ പണി പൂർത്തിയാക്കുകയും മന്ത്രി എ.സി. മൊയ്തീൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ബ്ലോക്കിന് ഒരു ശ്മശാനം എന്ന സർക്കാർ ഉത്തരവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് "സമത്വ തീരം എന്ന പദ്ധതിയിലൂടെ നടപ്പിലാക്കുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് ശ്മശാനം അടഞ്ഞു കിടന്നപ്പോൾ ഉൾപ്പെടെ ഈ കൊവിഡ് കാലത്തും ഏറെ പ്രയോജനപ്പെടുന്ന ഈ ശ്മശാനത്തെ സാമൂഹിക വിരുദ്ധൻമാരിൽ നിന്ന് രക്ഷിക്കണമേ എന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.

പദ്ധതിയിങ്ങനെ

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2015-16 വാർഷിക പദ്ധതിയും പഴയകുന്നുമ്മൽ, കിളിമാനൂർ, നഗരൂർ, കരവാരം, മടവൂർ, പള്ളിക്കൽ, പുളിമാത്ത് പഞ്ചായത്തുകൾ സംയുക്തമായി വിഭാവനം ചെയ്ത പദ്ധതി

ശ്മശാനം സ്ഥിതി ചെയ്യുന്നത്

പഴയകുന്നുമ്മൽ പഞ്ചായത്തിലെ കാനാറ കുന്നിൽ 13 സെന്റ് സർക്കാർ ഭൂമിയിൽ

ടു ഇൻ വൺ

വൈദ്യുതിയിലും, ഗ്യാസിലും പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ശ്മശാനം

ശാന്തികവാടത്തിൽ നിന്നും 2 സ്ഥിരം ജീവനക്കാർ

ഗുണഭോക്താക്കൾ

ബ്ലോക്കിന് പുറമെ സംസ്ഥാനത്ത് എവിടെ നിന്നുള്ള മൃതദേഹവും സംസ്കരിക്കും, മതിയായ രേഖകൾ ഹാജരാക്കണം.

 പ്രവർത്തന സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ

ഫീസ്

ബി.പി.എൽ കുടുംബംഗങ്ങൾക്ക് 2000 രൂപയും

എ.പി.എൽ കുടുംബാംഗങ്ങൾക്ക് 2500 രൂപയും ആയിരിക്കും

ഫോൺ: 9567543495.