നെടുമങ്ങാട് : ചീഞ്ഞു നശിച്ച ഭക്ഷ്യധാന്യങ്ങൾ സിവിൽ സപ്ലൈസ് ഗോഡൗണിൽ സ്റ്റോക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായി പരാതി. പുലിപ്പാറ ഗോഡൗണിൽ ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യം സംഭരിക്കാൻ ശ്രമിച്ചത് തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് തടസപ്പെട്ടു. പുലിപ്പാറയ്ക്ക് പുറമെ പുതുക്കുളങ്ങര, വെഞ്ഞാറമൂട്, ചായം തുടങ്ങിയ ഗോഡൗണുകളിലും അഴുകിയ ഭക്ഷ്യധാന്യം വ്യാപകമായി സ്റ്റോക്ക് ചെയ്യുകയാണെന്നും, ഭക്ഷ്യധാന്യങ്ങൾ കാണാതെ പോകുന്നതും ഇവിടങ്ങളിൽ പതിവാണെന്നും ജില്ലാ പഞ്ചായത്തംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആനാട് ജയൻ ആരോപിച്ചു.
നടപടിയില്ലെങ്കിൽ സമരം : ബി.ജെ.പി
നെടുമങ്ങാട് : സപ്ലൈകോയുടെ നെടുമങ്ങാട്ടെ ഗോഡൗണുകളിൽ നിന്ന് രണ്ട് ലോഡ് ദക്ഷ്യസാധനങ്ങൾ അപ്രത്യക്ഷമായത് സംബന്ധിച്ച് അന്വേഷിച്ച്, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ബി.ജെ.പി സമരപരിപാടികൾ ആവിഷ്കരിച്ച് രംഗത്തിറങ്ങുമെന്നും ബി.ജെ.പി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ പറഞ്ഞു. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തത് ദുരൂഹമാണെന്നും വിജയകുമാർ ആരോപിച്ചു.