s

തിരുവനന്തപുരം: അന്താരാഷ്ട്ര കപ്പൽചാൽ വഴി പോകുന്ന ചരക്കു കപ്പലുകളുടെ പ്രധാന ഇടത്താവളമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുന്നു. അടുത്ത മാസം 21 കപ്പലുകളാണ് ക്രൂ ചെയ്ഞ്ചിംഗിനായി ഇവിടെ എത്തുക. ഇതിൽ ആറെണ്ണം സൂപ്പർ ടാങ്കർ വിഭാഗത്തിൽപ്പെട്ട കൂറ്റൻ എണ്ണക്കപ്പലുകളാണ്. അന്താരാഷ്ട്ര കപ്പൽചാലിന് അടുത്തുള്ള വലിയ തുറമുഖം,​ തീരക്കടലിലെ ആഴക്കൂടുതൽ എന്നീ ഘടകങ്ങളാണ് വിഴിഞ്ഞത്തേക്ക് കൂറ്റൻ കപ്പലുകൾ അടുക്കുന്നതിന് കാരണം. ക്രൂചെയ്ഞ്ചിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ തുറമുഖ വകുപ്പ് ഏർപ്പെടുത്തിയാൽ മാസത്തിൽ എല്ലാ ദിവസവും കപ്പലുകൾ ഇവിടെ എത്തും. ഒരു കപ്പലെത്തുമ്പോൾ വാടകയിനത്തിലും മറ്രുമായി മൂന്നു ലക്ഷം രൂപവരെ വകുപ്പിന് വരുമാനം ലഭിക്കും. ഇന്നലെ ക്രൂചെയ്ഞ്ചിംഗിനായി

വന്നുപോയത് നാലാമത്തെ കപ്പലാണ്. രാവിലെ 7.15ന് പുറംകടലിലെത്തിയ കപ്പൽ 11.30ഓടെ മടങ്ങി. കഴിഞ്ഞ ദിവസമെത്തിയ കപ്പലിലെ ക്രൂചെയ്ഞ്ചിംഗുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം ഇന്നലെ ഉണ്ടായില്ല. മലേഷ്യയിൽ നിന്നുള്ള രാസവസ്‌തുക്കളുമായി സൂയസിലേക്കു പോകുന്ന ജിൻജ ജാഗ്വർ എന്ന കപ്പലിലെ ക്രൂ ചെയ്ഞ്ചാണ് ഫിഷറീസ് വകുപ്പ് ബോട്ട് വിട്ടുനൽകാത്തതു കാരണം വൈകിയത്. സിംഗപ്പൂരിൽ നിന്നും നെതർലാൻഡിലെ നോട്ടർഡാമിലേക്കു പോകുന്ന മെ‌ംഫിസ് എന്ന കപ്പലാണ് ഇന്നലെ എത്തിയത്. ജീവനക്കാരായ 12 പേർ ഇറങ്ങുകയും മറ്റ് 11പേർ കയറുകയും ചെയ്‌തു.

 കപ്പലിലേക്കു ഹെലികോപ്ടർ പറക്കുമോ?

ക്രൂചെയ്ഞ്ചിംഗിന് ഹെലികോപ്ടർ ഉപയോഗിക്കണമെന്ന ആവശ്യം ചില കപ്പലുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. മിക്കവാറും കൂറ്റർ കണ്ടെയ്‌നർ കപ്പലുകളിൽ ഹെലിപ്പാടുണ്ട്. ക്രൂചെയ്ഞ്ചിംഗിനായുള്ള ബോട്ടുകൾ തുറമുഖ വകുപ്പിനില്ല. അത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കപ്പലുകളെത്തുമ്പോൾ വിശ്രമമുറികളും ഒരുക്കേണ്ടി വരും.

 ആദ്യ കപ്പൽ ജൂലായ് 15ന് എവർഗ്ലോബ്

 രണ്ടാമത്തെ കപ്പൽ 22ന് എവർ ഗിഫ്റ്റ‌‌ഡ്

 മൂന്നാമത്തെ കപ്പൽ 27ന് ജിൻജ ജാഗ്വർ

 നാലാമത്തെ കപ്പൽ 28ന് മെ‌ംഫിസ്

 സൂയസ് കനാൽ വഴിയുള്ള അന്താരാഷ്ട്ര കപ്പൽചാലിൽ നിന്നുള്ള ദൂരം

കൊച്ചിയിലേക്ക് 200 നോട്ടിക്കൽ മൈൽ

വിഴിഞ്ഞത്തേക്ക് 20 നോട്ടിക്കൽ മൈൽ

'' വിഴിഞ്ഞം തുറമുഖത്തിനും നാടിനും ക്രൂചെയ്ഞ്ചിനായി വിദേശകപ്പലുകൾ വരുന്നത് ഏറെ നേട്ടമുണ്ടാക്കും. എല്ലാ വകുപ്പുകളും ഒത്തൊരുമിച്ചുകൊണ്ടുള്ള പ്രവർത്തനം അനിവാര്യമാണ്

'' ക്യാപ്ടർ ഹരി അച്യുത വാര്യർ, പോർട്ട് ഓഫീസർ