കൊല്ലം: കൊല്ലം തീരത്ത് വച്ച് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ജോനകപ്പുറം സ്വദേശി നിയാസിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ വലിയകട ജോനകപ്പുറം കടപ്പുറം പുറമ്പോക്കിൽ ഹാരീസാണ് (29) പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നിയാസിന്റെ സഹോദരനെ പ്രതി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. നാട്ടുകാർ തടിച്ചുകൂടിയതോടെ സ്ഥലംവിട്ട പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്ന കടവൂർ മതിലിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സാരമായി പരിക്കേറ്റ നിയാസ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 2010ൽ ചാമക്കട എ.ജെ ഹാളിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഹാരീസ്. പള്ളിത്തോട്ടം പൊലീസ് ഇൻസ്പെക്ടർ ദേവരാജൻ, എസ്.ഐമാരായ ജിബി, ബൈജു മീരാ, രാധാകൃഷ്ണൻ, പൊലീസുകാരായ സുരേഷ് ബാബു, രഞ്ജിത്ത്, ആദർശ്, സാംജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.