sivasankar

തിരുവനന്തപുരം: എൻ.ഐ.എയുടെ മാരത്തോൺ ചോദ്യം ചെയ്യലിന് പിന്നിൽ, സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ ഭീകരവിരുദ്ധനിയമം (യു.എ.പി.എ) ചുമത്താനുള്ള ശക്തമായ തെളിവുകൾ കണ്ടെത്തൽ. പ്രതിക്ക് ഫ്ലാറ്റെടുത്തു നൽകി സ്വർണക്കടത്തിന് താവളമൊരുക്കി, ഗൂഢാലോചനയ്ക്ക് സ്വന്തം ഫ്ലാറ്റിൽ സൗകര്യമൊരുക്കി, പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടു, ഗൂഢാലോചനാ കേന്ദ്രങ്ങളിലെ സാന്നിദ്ധ്യം എന്നീ തെളിവുകൾ എൻ.ഐ.എയുടെ പക്കലുണ്ട്. പക്ഷേ, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ യു.എ.പി.എ ചുമത്തുന്നത് ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കണം.

പ്രതികളായ സ്വപ്‌നാസുരേഷ്, സരിത്ത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കെതിരെ യു.എ.പി.എ നിയമത്തിലെ 16 (തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം), 17 (തീവ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പ​ണം സ്വീ​ക​രി​ക്കൽ), 18 (ഗൂ​ഢാ​ലോ​ച​ന) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ വകുപ്പുകൾ ശിവശങ്കറിനെതിരെ ചുമത്താൻ നിലവിൽ തെളിവുകളില്ല. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെങ്കിലും തീവ്രവാദവുമായി ബന്ധിപ്പിക്കാനായിട്ടില്ല.

സ്വപ്നയ്ക്ക് സാമ്പത്തികബുദ്ധിമുട്ടുണ്ടായപ്പോൾ താൻ അരലക്ഷം രൂപ നൽകിയതല്ലാതെ, പ്രതികളുമായി സാമ്പത്തിക ഇടപാടില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. വിദേശത്തുള്ള ഫൈസലിനെയും റബിൻസിനെയും കിട്ടിയാലേ ശിവശങ്കറിന്റെ വിദേശബന്ധങ്ങളുടെ അന്വേഷണം പൂർത്തിയാവൂ. സെക്രട്ടേറിയറ്റിലെ ഓഫീസിൽ പ്രതികളെ കണ്ടതായി മൊഴികളുണ്ടെങ്കിലും, ഇതിന്റെ തെളിവുകൾ എൻ.ഐ.എയ്ക്ക് ലഭിക്കണം. 2019 ജൂലായ് മുതലുള്ള ഒരു വർഷക്കാലത്തെ സെക്രട്ടേറിയറ്റിലെ 83 കാമറകളിലെ ദൃശ്യങ്ങളിൽ നിന്നാണ് ഗൂഢാലോചനയുടെ തെളിവ് കണ്ടെത്തേണ്ടത്.

വിദേശയാത്രകൾ, പ്രതികളുമായുള്ള ബന്ധം, സ്വപ്നയ്ക്കായുള്ള ശുപാർശകൾ, സ്വർണം വിട്ടുകിട്ടാനുള്ള ശ്രമം തുടങ്ങിയ എൻ.ഐ.എയുടെ ചോദ്യങ്ങൾക്ക് ശിവശങ്കർ വ്യക്തമായ ഉത്തരങ്ങൾ നൽകിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഒന്നര വർഷത്തെ വിദേശയാത്രകളും വിദേശത്തേക്കുള്ള ഫോൺവിളികളും പരിശോധിച്ചപ്പോഴും, സ്വപ്നയുടെ ആറ് രഹസ്യ സിംകാർഡുകളിലെ വിളികളും വാട്സ്ആപ്, ടെലിഗ്രാം ചാറ്റുകളും വീണ്ടെടുത്തപ്പോഴും കിട്ടിയത് മൊഴിക്ക് വിരുദ്ധമായ തെളിവുകളാണ്. സർക്കാർ അനുമതിയില്ലാതെ നടത്തിയ രണ്ട് വിദേശയാത്രകളും പരിശോധിക്കുന്നുണ്ട്.

സാദ്ധ്യതകൾ

*കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുന്നത് കുറ്റകൃത്യത്തോളം ഗൗരവമുള്ള കുറ്റമായി കണ്ട് പ്രതിയാക്കാം.

* ശിവശങ്കറിന്റെ വിദേശത്തെ ഇടപാടുകൾ കണ്ടെത്തി യു.എ.പി.എ ചുമത്താം

*പ്രതികളുമായി ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയതിന് യു.എ.പി.എ ചുമത്താം

* പ്രതി ചേർക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാതെ വിട്ടയച്ച് അന്വേഷണം തുടരാം

*കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അറസ്റ്റ് രേഖപ്പെടുത്തി മാപ്പുസാക്ഷിയാക്കാം

* സ്വർണക്കടത്തുമായി നേരിട്ട് ബന്ധമില്ലെന്നു കണ്ടാൽ മുഖ്യസാക്ഷിയാക്കി കേസ് ബലപ്പിക്കാം