തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിലെ ലോക്ക് ഡൗൺ രോഗവ്യാപന സാദ്ധ്യത കുറയ്ക്കാൻ കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നത് ഗുണകരമാകില്ല. എന്നാൽ ലോക്ക് ഡൗണിനുള്ളിൽ നിന്നുകൊണ്ടുതന്നെ പരമാവധി ഇളവുകൾ നൽകുന്നകാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കാരണം നിരവധിപേർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവരെക്കൂടി മുന്നിൽക്കണ്ടാണ് ഇളവുകൾ പ്രഖ്യാപിക്കുക. ജില്ലയുടെ നിലവിലെ സാഹചര്യവും ഏർപ്പെടുത്തേണ്ട ഇളവുകളെപ്പറ്റിയും ജില്ലാ ഭരണകൂടം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാകും പുതിയ പ്രഖ്യാപനമുണ്ടാവുക. ജില്ലയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നു എന്നത് വ്യാജപ്രചാരണമാണ്. പരിശോധനകളുടെ എണ്ണം ദിനംപ്രതി വർദ്ധിപ്പിക്കുകയാണ്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല അതീവ ജാഗ്രത തന്നെയാണ് ഇനിയും വേണ്ടതെന്നും മന്ത്രി പറഞ്ഞു.