പൂവാർ: അടിമലത്തുറയിൽ ഇന്ന് മുതൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് പ്രവർത്തനം ആരംഭിക്കും. തീരദേശ മേഖലയിൽ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ രോഗികളായവർക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. അടിമലത്തുറ ഫാത്തിമ മാതാ ദേവാലയത്തിന് മുന്നിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണി വരെ പ്രവർത്തനം ഉണ്ടാകും.

ഒരു ഡോക്ടർ, നഴ്സ്, ഒരു ഫാർമസിസ്റ്റ് ഉൾപ്പെടെ ഒരു ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്ന താത്കാലിക സേവനങ്ങൾ ഇവിടെ നിന്നും ലഭിക്കും. കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ തീരദേശ വാർഡുകളായ അടിമലത്തുറ, അമ്പലത്തുംമൂല പ്രദേശങ്ങളിലെ രോഗികളായവർ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സബ് സെന്ററിലൂടെ ലഭിക്കുന്ന സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൻ കൊച്ചുത്രേസ്യ അറിയിച്ചു.