vld1-

വെള്ളറട: ജന്മനാ കാഴ്ചയില്ലാതിരുന്നിട്ടും അകക്കണ്ണിൽ തെളിഞ്ഞ കഥകൾക്ക് അർഹമായ അംഗീകാരം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് പാറശാല കൊടവിളാകം ഗവ. എൽ.പി.സ്കൂൾ അദ്ധ്യാപിക വിജിമോൾ. കൺവെളിച്ചം കെട്ടുപോയ ജീവിതമാണെങ്കിലും വ്യത്യസ്തങ്ങളായ കഥകളെഴുതി സമൂഹത്തിന് മാതൃകയാവുകയാണ് ഇവർ. എള്ളുവിളയിലെ ജെ.ടി. വിജയൻ - മേരിസ്റ്റെല്ല ദമ്പതികളുടെ മകളായ വിജിമോൾക്ക് കുട്ടിക്കാലം മുതൽ കാഴ്ചയില്ലായിരുന്നു. എന്നാൽ മാതാപിതാക്കൾ അകക്കണ്ണു തുറപ്പിച്ചപ്പോൾ വിജിമോൾ അക്ഷരവെളിച്ചത്തിലെഴുതിയത് ഒത്തിരിക്കഥകളും കവിതകളുമാണ്. നൊമ്പരപ്പൂക്കൾ എന്ന ആദ്യസമാഹാരം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേമായിത്തീരുകയും ഭിന്നശേഷിക്കാരുടെ സർഗാത്മക രചനാ പുസ്തകത്തിനേർപ്പെടുത്തിയ സംസ്ഥാനതല മത്സരത്തിൽ സമ്മാനം ലഭിക്കുകയും ചെയ്തു.

ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ, ചെമ്പൂര് എൽ.എം.എസ് ടീച്ചർ ട്രെയിനിംഗ് സെന്റർ, ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിജിമോളുടെ വിദ്യാഭ്യാസം. ബിരുദ പഠനവും അദ്ധ്യാപക പരിശീലനവും അദ്ധ്യാപികയാവുകയെന്ന മോഹം വളർത്തി. ആദ്യം സഹകരണ വകുപ്പിൽ നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലാണ് ജോലി കിട്ടിയത്‌. കാഴ്ചയുടെ പരിമിതി ഒന്നിനും തടസമാവില്ലെന്നതിന് തെളിവാണ് പിന്നീട് അദ്ധ്യാപികയായി തീർന്നത്. അവിടെയും വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരിയാണവർ. കഥകൾ അപ്രതീക്ഷിതമായി കാണാനിടയായ യുവ കവിയും അദ്ധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണന്റെ നിർദ്ദേശമാണ് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള വഴി തുറന്നത്. ഗാനരചയിതാവ് ചുനക്കര രാമൻകുട്ടിയാണ് നൊമ്പരപ്പൂക്കൾക്ക് അവതാരിക എഴുതിയത്. സമ്മാനത്തുകയായ പതിനയ്യായിരം രൂപ ഏറെ കഷ്ടപ്പെടുന്നവർക്കായി വിനിയോഗിക്കാനാണ് ഈ എഴുത്തുകാരി ആഗ്രഹിക്കുന്നത്.

തുണയായി വീട്ടുകാർ

കുട്ടിക്കാലം മുതൽ സഹോദരൻ വിജിൻ എല്ലാ പിന്തുണയുമായി കൂടെയുണ്ട്. മനസിൽ തോന്നുന്ന കാര്യങ്ങൾ അമ്മയ്ക്ക് പറഞ്ഞു കൊടുക്കുകയും അമ്മ എഴുതിയെടുക്കുകയുമാണ് ചെയ്തിരുന്നത്. ഭർത്താവ് അരുൺ പ്രകാശും താങ്ങും തണലുമായി ഒപ്പമുണ്ട്. അകക്കണ്ണു തുറന്നു വച്ച് കുട്ടികൾക്കൊപ്പം ആടിയും പാടിയും പഠിപ്പിക്കുന്ന ഈ അദ്ധ്യാപിക എഴുത്തിന് അവധി കൊടുക്കാതെ ധനുവച്ചപുരം മേക്കൊല്ല ഏദൻ ഹോമിൽ ഭർത്താവിനൊപ്പമാണിപ്പോൾ.