covid

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രികളിലെത്തുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ സൗകര്യമൊരുങ്ങി. സർക്കാർ ആശുപത്രികളിൽ നിന്ന് റഫ‌ർ ചെയ്യുന്നവർക്കാണ് ഇത്‌ ലഭിക്കുന്നത്. നേരിട്ട് സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളിൽ നിന്ന് മറ്റു ചികിത്സകൾക്ക് ഈടാക്കുന്ന വിധത്തിൽ നിരക്ക് വാങ്ങും. ഓരോ ആശുപത്രിയിലും ഇത് വ്യത്യസ്തമായിരിക്കും. റഫർ ചെയ്ത് അയയ്ക്കുന്ന രോഗികളെ ചികിത്സിക്കുന്നതിനുള്ള നിരക്ക് സംബന്ധിച്ച് സർക്കാരും സ്വകാര്യ ആശുപത്രികളും തമ്മിൽ ധാരണയായിട്ടുണ്ട്. ഇത്തരത്തിലെത്തുന്നവർ സർക്കാരിന്റെ ആരോഗ്യസുരക്ഷാ പദ്ധതികളുടെ ഭാഗമാണെങ്കിൽ അതിലൂടെയും അല്ലെങ്കിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയും പണം നൽകും. രോഗി ആശുപത്രിവിട്ട ശേഷം സ്വകാര്യ ആശുപത്രികൾ ബില്ല് സമർപ്പിക്കുന്ന മുറയ്ക്ക് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പണം കൈമാറുക.

സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ലാതെ വരുന്ന ഘട്ടത്തിലാണ് റഫർ ചെയ്യുന്നത്. രോഗികൾ പെരുകുന്ന സാഹചര്യത്തിൽ മറ്റ് അസുഖങ്ങളുള്ളവർക്കും പ്രായമായവർക്കും ആശുപത്രി സേവനം കൂടിയേ തീരു. ആവശ്യമുള്ളവരെ സ‌ർക്കാർ ആശുപത്രികളിൽ നിന്ന് ആംബുലൻസിൽ സ്വകാര്യ ആശുപത്രികളിൽ എത്തിക്കും. നിലവിൽ സർക്കാർ ആശുപത്രികളിൽ നിന്ന് ഇത്തരത്തിൽ രോഗികളെ റഫർ ചെയ്തിട്ടില്ല. എന്നാൽ കൊവി‌ഡ് ബാധിച്ച് നേരിട്ട് സ്വകാര്യ ആശുപത്രികളിലെത്തി ചികിത്സയിൽ കഴിയുന്നവരുണ്ട്. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ഓരോ ആശുപത്രികളിലാണ് ഇത്തരത്തിൽ രോഗികളുള്ളത്.

12 ജില്ലകളിലായി 54 ആശുപത്രികൾ

സർക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാർ നടത്തിയ ചർച്ചയെ തുടർന്ന് 12 ജില്ലകളിലായി ആദ്യഘട്ടത്തിൽ 54 ആശുപത്രികൾ ചികിത്സയ്ക്ക് തയ്യാറായിട്ടുണ്ട്. അവശേഷിക്കുന്ന ഇടുക്കിയിലും കാസർകോട്ടും വരും ദിവസങ്ങളിൽ ആശുപത്രികളെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ആശുപത്രികൾ, 17 എണ്ണം. കോഴിക്കോട് 11, മലപ്പുറം 7, എറണാകുളം 5, ആലപ്പുഴ, കോട്ടയം 4വീതം, കൊല്ലം, കണ്ണൂർ 3വീതം, പത്തനംതിട്ട, തൃശൂർ 2വീതം, പാലക്കാട്,വയനാട് 1വീതം.

ചികിത്സാകേന്ദ്രങ്ങൾ

സർക്കാർ മേഖല- 1280

സ്വകാര്യ മേഖല- 2650

കിടക്കകൾ

സർക്കാർ മേഖല- 38,004

സ്വകാര്യ മേഖല- 68,200

ഐ.സി.യു

സർക്കാർ മേഖല- 1900

സ്വകാര്യ മേഖല- 3200

വെന്റിലേറ്ററുകൾ

സർക്കാർ മേഖല- 950

സ്വകാര്യ മേഖല- 1800

'മറ്റ് സംസ്ഥാനങ്ങളിൽ പല സ്വകാര്യ ആശുപത്രികളും അമിത നിരക്ക് ഈടാക്കി രോഗികളെ കഷ്ടപ്പെടുത്തുന്നുണ്ട്. കേരളത്തിൽ സർക്കാരുമായി പൂർണമായി സ്വകാര്യ മേഖല സഹകരിക്കുകയാണ്.'

- മുഖ്യമന്ത്രി പിണറായി വിജയൻ