പാറശാല: നിരവധി മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെട്ടിരുന്ന പൊഴിയൂരിലെ വല പിരിക്കൽ കേന്ദ്രം ഭാഗികമായി തകർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. തെക്കേ കൊല്ലങ്കോട് കോളനിക്ക് സമീപത്തായി കടൽ തീരത്തോട് തൊട്ട് ചേർന്നുള്ള കേന്ദ്രം വേണ്ടത്ര മുൻകരുതലുകളോ പഠനങ്ങളോ നടത്താതെ നിർമ്മിച്ചതാണ് തകർച്ചയ്ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമ്മിച്ച കേന്ദ്രം ഒന്നര വർഷം മുൻപാണ് പണി പൂർത്തിയായത്. അടുത്ത കാലത്തായി ഉണ്ടായ കടൽ ക്ഷോഭത്തിന് പുറമെ അതിർത്തിക്ക് അപ്പുറത്ത് തമിഴ്‌നാട് സർക്കാർ നടത്തിവരുന്ന പുലിമുട്ട് നിർമ്മാണവും കേന്ദ്രത്തിന്റെ തകർച്ചയ്ക്ക് കാരണമായി പറയപ്പെടുന്നു. അടിഭാഗത്തെ മണ്ണ് പൂർണമായും കടൽ കൊണ്ട് പോയത് കാരണം കെട്ടിടത്തിന്റെ തൂണുകളും മേൽക്കൂരയും മാത്രമാണ് അവശേഷിക്കുന്നത്. ഇവ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. പൊഴിയൂരിലെ പരുത്തിയൂർ, തെക്കേ കൊല്ലങ്കോട് മേഖലകളിലെ മത്സ്യത്തൊഴിലാളികൾക്ക് സ്വസ്ഥമായി വിശ്രമിക്കുന്നതിനും വലപിരിക്കുന്നതിനും കേന്ദ്രം ഏറെ പ്രയോജനകരമായിരുന്നു. കെട്ടിടത്തിന്റെ അടിഭാഗം ഉറപ്പ് വരുത്തി ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. അതേസമയം പൊഴിയൂരിൽ അടുത്തിടെ ഉണ്ടായ കടൽക്ഷോഭം കാരണം തകർന്ന കടൽഭിത്തി പുനർ നിർമ്മിക്കുന്നതിനും മറ്റുമായി ഫിഷറീസ് വകുപ്പിൽ നിന്നും 40 ലക്ഷം അനുവദിച്ചതിന്റെ ടെൻഡർ നടപടികൾ തുടർന്ന് വരികയാണ്. കടൽഭിത്തിയുടെ നിർമ്മാണത്തോടൊപ്പം തന്നെ വല പിരിക്കൽ കേന്ദ്രത്തിന്റെ സുരക്ഷാ പ്രവർത്തനങ്ങളും നടത്തണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
വീടുകൾക്കും ഭീഷണി
ശക്തമായ തിരമാലകൾ പ്രദേശത്തെ മൂന്ന് വീടുകളും കടൽഭിത്തിയും തകർത്തെറിഞ്ഞു. തമിഴ്നാടിന്റെ പുലിമുട്ട് നിർമ്മാണം കാരണം മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതിന് പുറമെ വീടുകൾക്ക് ഭീഷണിയും നിലനിൽക്കെയാണ് വല പിരിക്കൽ കേന്ദ്രവും തകർച്ചയിലായത്.
ആകെ ചെലവ് - 20 ലക്ഷം രൂപ
പണി പൂർത്തിയായിട്ട് .1.5 വർഷം
ഭീഷണിയായി തമിഴ്നാടിന്റെ പുലിമുട്ട് നിർമ്മാണം
പ്രയോജനപ്പെട്ടിരുന്നത് പരുത്തിയൂർ,
തെക്കേ കൊല്ലങ്കോട് മേഖലകളിലുള്ളവർക്ക്
പ്രതികരണം
പൊഴിയൂരിൽ മത്സ്യത്തൊഴിലാളി ക്ഷേമത്തിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള വല പിരിക്കൽ കേന്ദ്രത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും തീരത്തെ ഭവനങ്ങളുടെ തകർച്ചാ ഭീഷണി ഇല്ലാതാക്കുകയും വേണം. ഒപ്പം മത്സ്യത്തൊഴിലാളികളുടെ തൊഴിൽനഷ്ടം ഒഴിവാക്കുന്നതിനായുള്ള നടപടികളും സർക്കാർ സ്വീകരിക്കണം.
ജോൺ ബോസ്‌കോ,
ബ്ലോക്ക് പഞ്ചായത്തംഗം,
പാറശാല