കോവളം: ഇന്നലെ വിഴിഞ്ഞത്തെത്തിയ മെംഫിസ് എന്ന ചരക്കുകപ്പിലിൽ ക്രൂചെയ്ഞ്ചിംഗിനായി ഉപയോഗിച്ചത് നീണ്ടകരയിൽ നിന്നും വാടകയ്‌ക്കെടുത്ത രണ്ട് ബോട്ടുകൾ. തിങ്കളാഴ്ച ക്രൂ ചെയ്ഞ്ചിംഗിനായി കപ്പലെത്തിയപ്പോൾ മറൈൻ എൻഫോഴ്സ്‌മെന്റ് ബോട്ട് വിട്ടുനൽകാൻ വിസമ്മതിച്ചതുകാരണം കപ്പൽ പുറംകടലിൽ അഞ്ച് മണിക്കൂറിലധികം കിടക്കേണ്ടിവന്നു. ഒടുവിൽ തുറമുഖ വകുപ്പ് മന്ത്രി ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടതോടെയാണ് ബോട്ട് വിട്ടുനൽകിയത്. ഇതുകാരണമാണ് ഏജൻസി നീണ്ടകരയിൽ നിന്നും ബോട്ടുകൾ വാടകയ്‌ക്കെടുത്തത്. നാളെ എത്തുന്ന എൻ.സി.സി ഹെയ്ൽ എന്ന ചരക്കുകപ്പലിൽ നിന്നു ആറ് വിദേശികളും രണ്ട് ഇന്ത്യക്കാരുമാണ് ഇറങ്ങാനുള്ളത്. വിദേശീയർക്ക് ഇറങ്ങുന്നതിന് എമിഗ്രേഷൻ വിഭാഗത്തിന്റെ തടസമുണ്ട്. ഈ തടസം നീങ്ങിയില്ലെങ്കിൽ വെള്ളിയാഴ്ച എത്താനിടയുള്ള കപ്പലുകൾ ക്രൂചെയ്ഞ്ചിംഗ് റദ്ദ് ചെയ്യും. വിഴിഞ്ഞം തുറമുഖത്തിനെതിരായി പ്രവർത്തിക്കുന്ന ചില ലോബികളുടെ ഇടപെടൽ കാരണമാണ് ഓരോ തടസങ്ങളുണ്ടാകുന്നതെന്നാണ് ആരോപണം.