general

ബാലരാമപുരം: നാട്ടുകാർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ബാലരാമപുരം ജംഗ്ഷനിൽ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ച മുത്തശ്ശിക്കിണർ മാലിന്യത്തിൽ നിന്നും ശാപമോക്ഷം നേടി. ബാലരാമപുരം പൗരസമിതിയിലെ ചുറുചുറുക്കുള്ള യുവാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ അനുമതിയോടെ ദുർഗന്ധപൂരിതമായ കിണർ മൂടി പൂക്കൾ നട്ടുപിടിപ്പിച്ചു. പൗരസമിതി പ്രസിഡന്റ് വിനീഷ്,​ സെക്രട്ടറി ബാലരാമപുരം ജോയി,​ ട്രഷറർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സമിതി അംഗങ്ങളായ അഴകി മഹേഷ്,​ അൻസാർ,​ ശിവരുദ്രൻ,​ ഹബീബത്തുള്ള,​രാജേഷ്.എസ്.കെ,​ ജംഗ്ഷനിലെ കടയുടമ കിണറ്റിൻകര ഹരി,​ രാധാകൃഷ്ണൻ,​ എം.എസ്. ഷിബുകുമാർ എന്നിവരടങ്ങുന്ന സംഘമാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ദുർഗന്ധം വമിച്ച കിണർ മൂടിയത്. കിണറിന്റെ ഇരുപതടിയോളം താഴ്ചയിൽ മാലിന്യം കൊണ്ടുമൂടിയ നിലയിലായിരുന്നു. അസഹനീയമായ ദുർഗന്ധം വമിക്കുന്നത് കാരണം വഴിയാത്രക്കാർക്ക് പോലും കിണർ വെല്ലുവിളിയായിമാറി. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി മാംസാവശിഷ്ടം ഉൾപ്പെടെയുള്ളവ രാത്രി കാലങ്ങളിൽ കിണറിൽ നിക്ഷേപിക്കുന്നത് പതിവായിരുന്നു. കിണറിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് പൗരസമിതി പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി മുത്തശ്ശിക്കിണർ ഉൾപ്പെടെയുള്ള സ്ഥലം ദേശീയപാത അതോറിട്ടി ഏറ്റെടുത്തിരിക്കുന്നതിനാൽ കിണർ മൂടാനോ ശുചീകരണപ്രവർത്തനങ്ങൾ നടത്താനോ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയുമില്ലായിരുന്നു. മുത്തശ്ശിക്കിണറിലെ മാലിന്യപ്രതിസന്ധിയെ സംബന്ധിച്ച് കേരളകൗമുദിയും നിരവധി വാർത്തകൾ നൽകിയിരുന്നു. പകർച്ചവ്യാധികൾക്കുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യകേന്ദ്രവും മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്നാണ് പൗരസമിതിയിലെ യുവാക്കളടങ്ങുന്ന സംഘം മുത്തശ്ശിക്കിണർ മൂടാനുള്ള ദൗത്യവുമായി രംഗത്തെത്തിയത്. ഇതോടെ ദുർഗന്ധത്തിന് അറുതിയായി. കിണർ മൂടിയതിനു പിന്നാലെ റോസാച്ചെടികൾ നട്ടുപിടിപ്പിച്ചതിനുശേഷമാണ് ഇവർ മടങ്ങിയത്.

അഭിനന്ദന പ്രവാഹം

ദുർഗന്ധം മാറി മുത്തശ്ശിക്കിണറിൽ സുഗന്ധപ്പൂക്കൾ വിരിഞ്ഞതോടെ വഴിയാത്രക്കാർ ആഹ്ലാദത്തിലാണ്. ജംഗ്ഷനിൽ വന്നുപോകുന്നവരും സാമൂഹ്യപ്രവർത്തകരും പൗരസമിതിക്ക് അഭിനന്ദനമറിയിച്ചു. മാതൃകാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പൗരസമിതിക്ക് ആദരവ് നൽകുമെന്നും വിവിധസംഘടനകൾ അറിയിച്ചു.