ഒാമല്ലൂർ: ആറ്റുതീരത്തെ പുറമ്പോക്കിൽ അനധികൃതമായി വെട്ടിയിട്ട മരങ്ങൾ വില്ലേജ്, പൊതുമരാമത്ത് അധികൃതർ പിടിച്ചെടുത്തു. മുള്ളനിക്കാട് വെള്ളംകുളങ്ങര ദേവീക്ഷേത്രത്തിന് സമീപത്തെ വലിയകോയിക്കൽ കടവിലെ ആറ്റുപുറമ്പോക്കിൽ നിന്ന ആഞ്ഞിലി, തേക്ക്, മഹാഗണി തുടങ്ങിയ പതിനഞ്ചോളം മരങ്ങളാണ് മുറിച്ചത്. ഗ്രാമസംരക്ഷണ സമതിയും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസിന്റെയും വില്ലേജ് ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ സ്ഥലം അളന്നപ്പോൾ പുറമ്പോക്കിൽ നിന്നാണ് തടി വെട്ടിയതെന്ന് ഉണ്ടെത്തി. തടിവെട്ടുകാർ പുറമ്പോക്കാണെന്ന് അറിയാതെ മരങ്ങൾ മുറിക്കുകയായിരുന്നുവെന്ന് സ്ഥലം ഉടമയായ തിരുവനന്തപുരം സ്വദേശി പറഞ്ഞു.
വെള്ളപ്പൊക്ക സമയത്ത് തീരം ഇടിയുന്ന ഭാഗത്ത് നിന്ന മരങ്ങളാണ് മുറിച്ചത്. പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്തു വിൽക്കുമെന്ന് റവന്യു അധികൃതർ പറഞ്ഞു. മരം മുറിച്ചതിനെതിരെ പത്തനംതിട്ട പൊലീസിൽ പരാതി നൽകി.
തടി വനംവകുപ്പിനെ ഏൽപ്പിക്കണമെന്നും അനധികൃതമായി മുറിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഗ്രാമസംരക്ഷണ സമിതി പ്രസിഡന്റ് രവീന്ദ്ര വർമ്മ അംബാനിലയവും ജനറൽ സെക്രട്ടറി മനു ആചാരിപ്പറമ്പിലും ആവശ്യപ്പെട്ടു.