തിരുവനന്തപുരം: അപ്രതീക്ഷിത അതിഥിയായി കൊവിഡെത്തിയപ്പോൾ ജീവിതമാർഗം നഷ്ടപ്പെട്ടവർ ഒരുപാടുണ്ട്. ചെയ്‌തിരുന്ന തൊഴിൽ ഉപേക്ഷിക്കേണ്ടിവന്ന പലർക്കും ആശ്രയമായത് തെരുവോരക്കച്ചവടമാണ്. ഈഞ്ചയ്ക്കൽ സ്വദേശികളും സഹോദരങ്ങളുമായ മൻസൂറിനും കമലിനും ഈ പ്രതിസന്ധിക്കാലത്ത് രക്ഷയായതും വഴിയോരക്കച്ചവടമാണ്. ലോക്ക് ഡൗണിന് മുൻപ് കമൽ ഓട്ടോ ഡ്രെെവറും മൻസൂർ വെൽഡിംഗ് തൊഴിലാളിയുമായിരുന്നു.
ഇപ്പോൾ ജീവിക്കാനായി വഴിയോരത്ത് പച്ചക്കറി കിറ്റ് വിൽക്കുകയാണ്. ഉറക്കം പാതി വഴിക്ക് ഉപേക്ഷിച്ച് അതിരാവിലെ വീട്ടിൽ നിന്നും നെട്ടോട്ടമാണ്. നഗരത്തിലേക്ക് വരുന്ന പച്ചക്കറി ലോറിയിൽ നിന്നും തങ്ങൾക്ക് വിൽക്കാനുള്ളത് വാങ്ങാൻ. വെയിലും മഴയും വകവയ്ക്കാതെ രാവന്തിയോളം കാത്തു നിന്നാലെ അന്നത്തിനുള്ള വക ലഭിക്കൂ എന്നിവർ പറയുന്നു.
ആദ്യഘട്ടം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇത് ഇങ്ങനെ അന്നംമുടക്കിയായി തുടരുമെന്ന് കരുതിയിരുന്നില്ല. പട്ടിണി പിടിമുറുക്കിയതോടെയാണ് തെരുവോര കച്ചവടത്തെപ്പറ്റി ചിന്തിച്ച് തുടങ്ങുന്നത്. പിന്നെ മടിച്ചു നിന്നില്ല കെെയിൽ അവശേഷിച്ചതും കടംവാങ്ങിയതും ഉപയോഗിച്ച് നഗരത്തിലേക്ക് വരുന്ന പച്ചക്കറിയിൽ നിന്ന് കുറച്ച് വാങ്ങാൻ തീരുമാനിച്ചു. ഇത് വീട്ടിലെത്തിച്ച് 50രൂപ കിറ്റാക്കി ഇൗഞ്ചക്കൽ ഭാഗത്ത് എത്തിച്ചാണ് വില്പന. ദിവസവും വെെകിട്ട് വരെ നിന്നാൽ ചില ദിവസങ്ങളിൽ 50 കിറ്റുകൾ വരെ വിറ്റുപോവാറുണ്ടെന്ന് ഇവർ പറയുന്നു. ഇവരെപ്പോലെ നിരവധിപേരാണ് ചെയ്‌തിരുന്ന തൊഴിലുകൾ തത്കാലത്തേക്കെങ്കിലും ഉപേക്ഷിച്ച് വഴിയോര കച്ചവടം ഉപജീവനമാർഗമാക്കിയത്. ഇതിൽ ഹോട്ടൽ തൊഴിലാളികൾ മുതൽ കാമറാമാന്മാർ വരെയുണ്ട്. നല്ല നാടൻ ചീര മുതൽ പലവ്യജ്ഞങ്ങൾ വരെ ഇവരുടെ കിറ്റുകളിൽ ലഭിക്കും. 20 മുതൽ 100 രൂപ വരെയായിരിക്കും ഓരോ കിറ്റിന്റെയും വില. നഗരത്തിലെ കടകൾക്ക് നിയന്ത്രണം വന്നതോടെയാണ് വഴിയോര കച്ചവടങ്ങൾ സജീവമായത്. മൂന്നു ദിവസം ചാല അടച്ചപ്പോഴും നഗരവാസികൾക്ക് ആശ്രയമായത് ഇൗ ചില്ലറ വില്പനക്കാർ തന്നെയായിരുന്നു.
തിരക്കുണ്ടാക്കല്ലേ!
'വാങ്ങിയില്ലെങ്കിലും തിരക്കുണ്ടാക്കരുത്'.സാധനങ്ങൾ വാങ്ങാനെത്തുന്നവരോട് വഴിയോരക്കച്ചവടക്കരുടെ അപേക്ഷയാണിത്. പിന്നെ ഇവിടെ ഇരിക്കാൻ കാക്കിക്കാർ സമ്മതിക്കില്ലെന്നും ഇവർ വിനയത്തോടെ ഓർമിപ്പിക്കും. മറ്റൊന്നുമല്ല ഉപജീവനമല്ലെ....