isis-kannur

തിരുവനന്തപുരം: കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഐക്യരാഷ്‌ട്ര സഭയുടെ മുന്നറിയിപ്പിനെത്തുടർന്ന് ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) കേന്ദ്ര ഇന്റലിജൻസും (ഐ.ബി) സംസ്ഥാന പൊലീസും കനത്ത ജാഗ്രതയിലാണ്. ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയവരെ നിരീക്ഷണത്തിലാക്കാൻ ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി അനൂപ് കുരുവിള ജോണിനോട് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. 2016 ൽ കാസർകോട്ടു നിന്ന് 24 പേരെയൊണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഇതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. വിസ പരിശോധന കർശനമാക്കാനും സംശയമുള്ളവരെ യാത്രചെയ്യാൻ അനുവദിക്കരുതെന്നും ഇമിഗ്രേഷൻ ബ്യൂറോയ്ക്ക് കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്.

ഐസിസുമായി ബന്ധമുള്ള 11മലയാളികളടക്കം 19 ഇന്ത്യക്കാർ യു.എ.ഇയിൽ തടവിലുണ്ടെന്നാണ് എൻ.ഐ.എയ്ക്കുള്ള വിവരം. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഐസിസ് അനുകൂല സന്ദേശങ്ങൾ ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും പിന്തുടരുകയും ചെയ്തവരാണ് ഇവരിലധികവും. വിനോദസഞ്ചാരികളെന്ന വ്യാജേന ഐസിസിൽ ചേരാൻ പോയ മുപ്പതോളം പേരെ തുർക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് സിറിയയിലെത്തി ഐസിസിൽ ചേർന്ന കോഴിക്കോട് സ്വദേശി റിയാബ് അലിക്കെതിരെ (24) പൊലീസെടുത്ത കേസ് എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു. യു.എ.ഇയിൽ പഠിച്ചുവളർന്ന റിയാബിനെ അവിടെ കുടുംബത്തിന്റെ ബിസിനസിൽ പങ്കാളിയായിരിക്കേ കാണാതാവുകയായിരുന്നു. ഇയാൾ യെമൻ, തുർക്കി വഴിയാണ് സിറിയയിലേക്ക് കടന്നത്.

പാലക്കാട് ഒലവക്കോട് സ്വദേശി അബുതാഹിർ അൽക്വ ഇദയുടെ സിറിയൻ വിഭാഗമായ ജബായത്ത് അൽനുസ്‌റയിൽ ചേർന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. കാനഡയിൽ നിന്നുള്ള വെബ്സൈറ്റുകളിലൂടെയാണ് ഐസിസിലേക്ക് റിക്രൂട്ടിംഗിന് ശ്രമിക്കുന്നത്.

സോഷ്യൽ മീഡിയ നിരീക്ഷിക്കാനും

പ്രത്യേക സോഫ്ട്‌വെയർ

ഐസിസ് സാന്നിദ്ധ്യം കണ്ടെത്താൻ വിദേശ ഏജൻസികളുമായി ചേർന്ന് 'ഓപ്പറേഷൻ ചക്രവ്യൂഹ' എന്നപേരിലുള്ള നിരീക്ഷണ സംവിധാനമാണ് ഐ.ബിക്കുള്ളത്. ഫേസ്‌ബുക്കിലെയും ട്വിറ്ററിലേയുമടക്കം സാമൂഹ്യമാദ്ധ്യമങ്ങളിലെ ഡേറ്റ വിശകലനം ചെയ്ത് ഐസിസ് സാന്നിദ്ധ്യം കണ്ടെത്തുന്ന സോഫ്‌ട്‌വെയർ ഐബിക്കും എൻ.ഐ.എയ്ക്കുമുണ്ട്. കോഴിക്കോട്ടുകാരൻ റിയാബ് ഇറാക്കിലെയും സിറിയയിലെയും ഐസിസ് അനുകൂലികളുമായി ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടതായി കണ്ടെത്തിയത് ഈ സംവിധാനത്തിലൂടെയാണ്. സംശയാസ്പദമായ സൈബർബന്ധങ്ങളുള്ള 140പേരുടെ പട്ടിക യു.എ.ഇ കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു.