ബാലരാമപുരം: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബാലരാമപുരത്ത് ജാഗ്രത തുടരണമെന്ന് സി.എച്ച്.സി മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസം ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാലരാമപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 ആയി. ഇതിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നടത്തിയ സ്രവ പരിശോധനയിൽ മൂന്ന് പേരുടെ ഫലം പോസിറ്റീവായി. ഇടമനക്കുഴി വാർഡിൽ ഇന്നലെ നാല് പേർക്ക് രോഗം സ്ഥീരീകരിച്ചു. ചാമവിള വാർഡിൽ രണ്ട് പേർക്ക് കൊവിഡ് ബാധിച്ചു. ചാമവിള കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊവിഡ് വ്യാപനം തടയാൻ കുട്ടികളും പ്രായാധിക്യം ബാധിച്ചവരും കഴിവതും വീടുകളിൽ കഴിയണമെന്നും സാനിറ്റൈസറും മാസ്കും നിർബന്ധമാക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. 14 ദിവസത്തിനിടെ 12 രോഗികൾ ആയതോടെ പഞ്ചായത്ത് നിവാസികളും ആശങ്കയിലായി. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ അടിയന്തരതീരുമാനം കൈക്കൊള്ളണമെന്നും വിവിധ സംഘടനകൾ ആവശ്യമുന്നയിച്ചു.