തിരുവനന്തപുരം: സ്വർണക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി, തലസ്ഥാനത്തെ യു.എ.ഇ കോൺസുലേറ്റിലെ കാമറാ ദൃശ്യങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് ശ്രമം തുടങ്ങി.
ഔദ്യോഗികമായി കോൺസുലേറ്റിലെ കാമറാ ദൃശ്യങ്ങൾ ആവശ്യപ്പെടാനാവില്ല. കോൺസുലേറ്റിൽ കയറി ദൃശ്യങ്ങൾ പിടിച്ചെടുക്കാനുമാവില്ല. , ചർച്ചകളിലൂടെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് ശ്രമം. കസ്റ്റംസ് ഉദ്യോഗസ്ഥൻ അഡ്‌മിനിസ്ട്രേറ്റീവ് അറ്റാഷെയുമായി ഇക്കാര്യം ചർച്ച ചെയ്തു. യു.എ.ഇ സ്ഥാനപതിയുമായി ആലോചിച്ച് മറുപടി നൽകാമെന്ന് അറിയിച്ചതായാണ് വിവരം.
യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച്, കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും പേരിലെത്തിയ ബാഗുകളിലാണ് സ്വപ്നയും കൂട്ടരും സ്വർണം കടത്തിയത്. കോൺസുലേറ്റ് ജനറലിന്റെ എക്സിക്യുട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്ന. സരിത്ത് കോൺസുലേറ്റിലെ പി.ആർ.ഒയും. കോൺസുലേറ്റിൽ നിന്ന് പുറത്തായ ശേഷവും ഇവർ വിമാനത്താവളത്തിലെത്തി ബാഗ് ശേഖരിക്കുകയും കസ്റ്റംസിന് കോൺസുലേറ്റിന്റെ കത്ത് കൈമാറുകയും ചെയ്തിരുന്നു. ഈ ബാഗുകൾ സരിത്തിന്റെയും സ്വപ്നയുടെയും വാടക വീടുകളിലും ഫ്ലാറ്റുകളിലുമെത്തിച്ച് സ്വർണം മാറ്റിയ ശേഷം ഭക്ഷ്യവസ്തുക്കളും മതഗ്രന്ഥങ്ങളും കോൺസുലേറ്റിലെത്തിക്കുകയായിരുന്നു.
സ്വപ്നയും കൂട്ടാളികളും ഒരു വർഷത്തിനിടെ 23 തവണയായി തിരുവനന്തപുരം വിമാനത്താവളം വഴി 112.3കോടി മൂല്യമുള്ള 230കിലോഗ്രാം സ്വർണം കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നാംപ്രതി സരിത്താണ് കാർഗോ ക്ലിയർ ചെയ്തിരുന്നത്. ഇതിനായി കോൺസുലേറ്റിന്റെ കത്തും നൽകി. ഈ ബാഗുകൾ ഏറ്റുവാങ്ങാനുള്ള കത്ത് വാങ്ങാൻ സരിത്ത് കോൺസുലേറ്റിൽ എത്തിയിരുന്നോയെന്നും, വിമാനത്താവളത്തിൽ നിന്ന് ബാഗുകൾ കോൺസുലേറ്റിൽ എത്തിച്ചതാരാണെന്നും സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്താമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്. കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിന്റെ ഇടപാടുകളും കണ്ടെത്തണം. ബാഗുകൾ ഏറ്റുവാങ്ങാൻ സരിത്തിനൊപ്പം വിമാനത്താവളത്തിലേക്ക് നിരവധി തവണ പോയിട്ടുണ്ടെന്ന് ജയഘോഷ് മൊഴി നൽകിയിരുന്നു.