മുടപുരം:മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ഇടക്കോട് നിവാസികൾക്ക് പൊന്നോണ സമ്മാനമായി പുതിയ പാലവും പുതിയ റോഡും ലഭിക്കുന്നു. ഇടക്കോട് നിവാസികളുടെ വിദൂര സ്വപ്‌നമായിരുന്ന വെട്ടിക്കൽ പാലവും അനുബന്ധ റോഡിന്റെയും നിർമ്മാണം ആഗസ്റ്റിൽ ഓണത്തിന് മുൻപ് തന്നെ പൂർത്തിയാകുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.
ഇടക്കോട് നെല്പാടത്തിന് കുറുകെയാണ് പാലവും റോഡും നിർമ്മിക്കുന്നത്. നേരത്തെ മാമം ആറിന് കുറുകെ രണ്ട് മീറ്റർ വീതിയിൽ ഒരു കോൺക്രീറ്റ് നടപ്പാലവും നടപ്പാതയുമാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ 2005ൽ ജനങ്ങളുടെ നിരന്തരമായ ആവശ്യവും സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി, വി. ശശി എം.എൽ.എക്ക് നൽകിയ നിവേദനത്തെ തുടർന്നുമാണ് ഈ ആവശ്യം സജ്ജീവമാകുന്നത്.ഇതിന്റെ ഫലമായി പൂവ് ചോദിച്ചവർക്ക് പൂന്തോട്ടം നൽകിയെന്ന പഴഞ്ചൊല്ല് പോലെ ഡെപ്യൂട്ടി സ്പീക്കർ വി. ശശി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് നബാർഡിൽ നിന്നു 5.05 കോടി രൂപ ഇതിനായി അനുവദിച്ചു. തുടർന്ന് 2019 മാർച്ചിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.നിർമ്മാണം പൂർത്തിയാകുന്നതോടെ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിന് ഇത് മുതൽക്കൂട്ടാകും. റോഡിന്റെയും പാലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി സ്പീക്കർ വി. ശശി കഴിഞ്ഞദിവസം ഇവിടം സന്ദർശിച്ചിരുന്നു.
അനുവദിച്ച തുക - 5.05 കോടി രൂപ
ലഭിച്ചത് നബാർഡിൽ നിന്ന്
നിർമ്മാണം ആരംഭിച്ചത് 2019ൽ
പാലം മാമം ആറിന് കുറുകെ
പാലം കൂടാതെ 5 കലുങ്കുകളും ഉണ്ട്
റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ
റോഡ്
നാഷണൽ ഹൈവേയിൽ പതിനെട്ടാം മൈൽ-അസംബ്ലി മുക്ക് റോഡിൽ നിന്നു ആരംഭിച്ച് ശ്രീഭൂതനാഥൻകാവ് ക്ഷേത്രത്തിന് മുന്നിലൂടെ ചെമ്പകമംഗലം - വളക്കാട് റോഡിലെ മങ്കാട്ടുമൂല ജംഗ്ഷന് സമീപം ചെന്ന് ചേരുന്നതാണ് നിയുക്ത റോഡ്.
8 മീറ്റർ വീതിയും 350 മീറ്റർ നീളത്തിലുമാണ് റോഡ് നിർമ്മിക്കുന്നത്.
മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെയും പ്രത്യേകിച്ച് ഇടക്കോട് നിവാസികളുടെ ചിരകാല സ്വപ്നമായ വെട്ടിക്കൽ പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ഓണത്തിന് മുൻപ് പൂർത്തിയാകും.
വി. ശശി, ഡെപ്യൂട്ടി സ്പീക്കർ
ഇടക്കോട് നിവാസികളുടെ സ്വപ്ന പദ്ധതിയായ വെട്ടിക്കൽ പാലവും റോഡും നിർമ്മിക്കാൻ മുൻകൈയെടുത്ത ഡെപ്യൂട്ടി സ്പീക്കർ വി. ശശി എം.എൽ.എയ്ക്ക് നാട്ടുകാരുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കോരാണി വിജു, സെക്രട്ടറി,
എ.ഐ.ടി.യു.സി, ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി