വെഞ്ഞാറമൂട്: വെഞ്ഞാറമൂട് വലിയകട്ടക്കാൽ 4530-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിനുള്ളിലേക്ക് റോഡിലെ മഴവെള്ളം ഒഴുകിയെത്തുന്നതായി പരാതി. വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാൽ ജംഗ്ഷനടുത്ത് സ്ഥിതിചെയ്യുന്ന ഗുരുമന്ദിരത്തിലേക്കാണ് റോഡിലെ മലിനജലം ഒഴുകിയെത്തുന്നത്. റോഡിലെ മലിനജലം ഗുരുമന്ദിരത്തിന് മുൻവശത്ത് നിർമ്മിച്ചിട്ടുള്ള കലുങ്കിനടിയിലൂടെ കടന്ന് ഗുരുമന്ദിരത്തിന്റെ വശത്തുള്ള ഓടകളിലൂടെയാണ് കടന്നുപോകുന്നത്. അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന ഓടയിലെ മലിനജലം പലപ്പോഴും ഗുരുമന്ദിരത്തിനുള്ളിലേക്കും കിണറ്റിലേക്കും എത്തിച്ചേരുന്നുണ്ട്. നിരവധി പരാതികൾ ശാഖാ പ്രതിനിധികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഗുരു മന്ദിരത്തിന് മുന്നിലെ ഓടനിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ശാഖാ പ്രസിഡന്റ് വി. കൃഷ്ണൻകുട്ടി, സെക്രട്ടറി ജ്യോതിലക്ഷ്മി വൃന്ദ എന്നിവർ ആവശ്യപ്പെട്ടു.
ക്യാപ്ഷൻ: വലിയകട്ടയ്കാൽ ശാഖാ മന്ദിരം