bus

കാട്ടാക്കട: ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വേണ്ടത്ര മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ ഇന്നലെ സർവീസ് ആരംഭിച്ചതിൽ പ്രതിഷേധം വ്യാപകമാകുന്നു. ഇന്നലെ രണ്ട് സർവീസുകളാണ് ജീവനക്കാരുടെ പരാതിക്കിടയിലും നടത്തിയത്. ഡ്രൈവറുടെ സമ്പർക്ക പട്ടിക വിപുലമായിട്ടും അപൂർണമായ സമ്പർക്കപട്ടിക നൽകി കാട്ടാക്കട ഡിപ്പോയിലെയും ചീഫ് ഓഫീസിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് സർവീസ് നടത്താൻ ശ്രമിക്കുന്നുവെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച ശേഷം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഒരു ഡ്രൈവർക്കും ഒരു കൺട്രോളിംഗ് ഇൻസ്‌പെക്ടർക്കും പോസിറ്റീവായിരുന്നു. ശരിയായ സമ്പർക്ക പട്ടിക കൈമാറാത്തത് ഡിപ്പോയെ അടച്ചിടലിൽ നിന്നും ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.ഡിപ്പോയിൽ പോസിറ്റീവായവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പേര് ഒഴിവാക്കപ്പെട്ടത് വിവാദമായതോടെയാണ് പട്ടികയിൽ പേരുകളുടെ ക്രമം മാറ്റി ഉൾപ്പെടുത്തിയത്. 1000 ത്തോളം പേരുമായി സമ്പർക്കമുണ്ടായി എന്നു പോസിറ്റീവായ വ്യക്തി തന്നെ പറയുമ്പോൾ 60 പേരുടെ കണക്കാണ് പുറത്തു വന്നത്. അതിൽ തന്നെ പോസിറ്റീവായ കൺട്രോളിംഗ് ഇൻസ്പെക്ടർ സ്വമേധയാ പട്ടികയിൽ ചേർന്നതാണ്. ഡിപ്പോയിലെ മേധാവികളോടും എല്ലാ വിഭാഗം ജീവനക്കാരുമായും ഇടപെടൽ നടത്തുന്ന ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിലും എണ്ണം കൂടാതിരിക്കാൻ ഡിപ്പോ ഇടപെടൽ നടത്തിയെന്ന് ആരോപണമുണ്ട്. ഇൻസ്പെക്ടറുടെ കുടുംബത്തിലെ നാലുപേർക്കും പോസിറ്റീവായിരിക്കെയാണ് സമ്മർദ്ദം നടത്തി പട്ടിക നൽകിയത്. ഇവരുമായി ഏറ്റവും അടുത്ത് സമ്പർക്കത്തിലേർപ്പെട്ട നാലു ജീവനക്കാരുടെ പേരും പട്ടികയിൽ ഇല്ല. സമ്പർക്ക പട്ടികയിൽ ആളുകുറഞ്ഞാൽ ഇവരെ വച്ചു സർവീസ് നടത്തുന്നതിന് തടസം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലാണ് അധികൃതർക്കുള്ളത്. ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും സ്രവ പരിശോധന നടത്തി ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ജീവനക്കാരെയെത്തിച്ച് സർവീസ് നടത്താവൂ എന്നാണ് പരക്കെ ആവശ്യം ഉയരുന്നത്. പരിശോധനകൾ പോലും പൂർണമാകാതെ ഇവരെ വച്ച് സർവീസ് നടത്തിയാൽ യാത്രക്കാരിലേക്ക് വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്. കാട്ടാക്കട പ്രദേശത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഡിപ്പോ തുറന്നിരിക്കുന്നത്. ഇതു പുനഃപരിശോധിക്കാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.