anu

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പരിശോധനയിൽ 47 പേർക്ക് രോഗം കണ്ടെത്തി. അഞ്ചുതെങ്ങിൽ 54 പേരെ പരിശോധിച്ചപ്പോൾ 20 പേർക്കും ചിറയിൻകീഴ് കടകത്ത് 50 പേരെ പരിശോധിച്ചപ്പോൾ 23 പേർക്കും കടയ്ക്കാവൂരിൽ 50 പേരെ പരിശോധിച്ചപ്പോൾ 4 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ വക്കം ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 32 പേർ രോഗമുക്തരായി. 1001 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. വക്കം - 62, കിഴുവിലം - 105, മുദാക്കൽ - 99, അഞ്ചുതെങ്ങ് - 222, കടയ്ക്കാവൂർ - 116, ചിറയിൻകീഴ് - 397 എന്നിവരുൾപ്പെട്ടതാണ് 1001 പേർ.
പലപഞ്ചായത്തുകളിലും രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാനായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രികൾക്ക് അണു നശീകരണ യന്ത്രങ്ങൾ വാങ്ങി നൽകി. ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്കുള്ള മെഷീൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ആർ.എം.ഒ ഡോ. രാജേഷിനും വക്കം റൂറൽ ഹെൽത്ത് സെന്ററിലേക്കുള്ള മെഷീൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് എ.എം.ഒ ഡോ. എൻ.എസ്. സിജുവിനും കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ചന്ദ്രൻ, ബി.ഡി.ഒ എൽ. ലെനിൻ, ആർ.കെ. ബാബു, എൻ.എസ്. അനിൽ, ഹെൽത്ത് സൂപ്പർവൈസർ രാഘവൻ, സ്റ്റാഫ് നഴ്സ് ലേഖ മുരളി എന്നിവർ പങ്കെടുത്തു. നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ഡോ. ദീപക്, ഡോ. ഭാഗ്യലക്ഷ്മി, ഡോ. മഹേഷ്, ഡോ. നബിൽ എന്നിവരാണ് പരിശോധന നടത്തുന്നത്.