നെടുമങ്ങാട് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നെടുമങ്ങാട് താലൂക്കാസ്ഥാനത്തും നഗരസഭ പ്രദേശങ്ങളിലും ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഒറ്റ നമ്പർ ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും മാത്രമേ ഇന്ന് നിരത്തിൽ ഓടാൻ പാടുള്ളു. ഇരട്ട നമ്പർ വാഹനങ്ങൾക്ക് വ്യാഴാഴ്ചയാണ് അനുവദിച്ചിട്ടുള്ളത്. തട്ടുകടകൾ ഉൾപ്പടെയുള്ള വഴിയോര കച്ചവടം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കാൻ പാടുള്ളതല്ല. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 ന് തുറക്കുകയും വെെകിട്ട് 5 ന് അടയ്ക്കുകയും വേണം. കടകൾക്ക് മുന്നിൽ മാസ്ക് ധരിക്കാതെയോ, സാമൂഹിക അകലം പാലിക്കാതെയോ കൂട്ടം കൂടിയാൽ വ്യാപാര സ്ഥാപന ഉടമയ്‌ക്കെതിരെയും കേസ് എടുക്കും. കച്ചവട സ്ഥാപനങ്ങളിൽ റിബൺ കെട്ടി തിരിച്ച് നിർബന്ധമായി സാമൂഹിക അകലം പാലിക്കണം. സ്ഥാപനത്തിനു മുന്നിൽ സാനിറ്റൈസർ ലഭ്യമാണെന്ന് ഉറപ്പാക്കണം. ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ സർവീസ് മാത്രമേ പാടുള്ളു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ ചേമ്പറിൽ തഹസീൽദാർ എം.കെ. അനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗ തീരുമാനപ്രകാരമാണ് നടപടികൾ.
അതീവ ജാഗ്രത പുലർത്തേണ്ട സമയം : നഗരസഭ ചെയർമാൻ
നഗരത്തിൽ എത്തിച്ചേരുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും വെറും ജാഗ്രതയല്ല അതീവ ജാഗ്രതയാണ് വേണ്ടതെന്നും നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പറഞ്ഞു. ടാക്സികൾ, ആട്ടോ റിക്ഷകൾ, മറ്റു വാഹനങ്ങൾ പൊലീസ് നടപടികൾക്ക് വിധേയമായി മാത്രമേ സർവീസ് നടത്താൻ പാടുള്ളു. പാലിക്കാത്തവർക്കെതിരെ പിഴ ഈടാക്കുന്നതുൾപ്പടെയുള്ള കർശന നിയമ നടപടി സ്വീകരിക്കുമെന്നും നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ്‌കുമാർ അറിയിച്ചു.