വർക്കല: തീരദേശ സോൺ ഒന്നിൽ 26 പേർക്ക് കൊവിഡ് കണ്ടെത്തി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ 20 ഉം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ 4ഉം വർക്കല നഗരസഭയിൽ ഒരു പോസിറ്റീവ് കേസുമാണുള്ളത്.
നേരത്തെ നടത്തിയ ടെസ്റ്റിൽ ഒരു കേസ് പൊസിറ്റീവ് ആയെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. വക്കം, വർക്കല, ഇടവ, വെട്ടൂർ പ്രദേശങ്ങളിൽ ഐഡന്റിഫൈഡ് വ്യക്തികൾക്കാണ് ടെസ്റ്റ് നടത്തിയതെന്നും ഈ പ്രദേശങ്ങളിൽ ഇളവുകൾ അനുവദിക്കാമെന്നും ആരോഗ്യ വിഭാഗം ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കൊവിഡ് പോസിറ്റീവ് എണ്ണത്തിൽ വർദ്ധനവുണ്ടായ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വർക്കല നഗരസഭയിലെ തീരദേശ വാർഡുകൾ എന്നിവിടങ്ങളിൽ നിയന്ത്റണം കർശനമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇളവുകൾ നൽകുന്ന പഞ്ചായത്തുകളിൽ അവശ്യസാധനങ്ങൾ വില്ക്കുന്ന കടകളുടെ പ്രവർത്തനസമയം കൂട്ടാനും അത്യാവശ്യങ്ങൾക്കായി ടാക്സി അുവദിക്കാമെന്നും മറ്റു കടകൾ ആഴ്ചയിൽ രണ്ട് തവണമാത്രം തുറക്കാനുമാണ് ആരോഗ്യ വിഭാഗത്തിന്റെ ശുപാർശ. വക്കം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എച്ച്.എസ്.എസിൽ ചൊവ്വാഴ്ച മുതൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചു.
അഞ്ചുതെങ്ങിലും വർക്കലയിലും വക്കത്തും ഓരോ ഫസ്റ്റ്ലൈൻ സെന്റർ ഉൾപ്പെടെ നാല് സെന്ററുകളാണ് സോൺ ഒന്നിൽ പ്രവർത്തിക്കുന്നത്. ഈ സെന്ററുകളിൽ എല്ലാംകൂടി ഇനി 228 ബെഡുകൾ മാത്രമെ ബാക്കിയുള്ളു. സെന്ററുകളുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കാനും ചൊവ്വാഴ്ച വർക്കല ഗസ്റ്റ്ഹൗസിൽ നടന്ന വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം നിർദ്ദേശിച്ചു.
ഇൻസിഡന്റ് കമാന്റർമാരായ യു.വി. ജോസ്, എസ്. ഹരികിഷോർ, തിരുവനന്തപുരം ആർ.ഡി.ഒ ജോൺ സി. സാമുവൽ, കൃഷ്ണകുമാർ എന്നിവർ ഉദ്യോഗസ്ഥരുമായി പ്രവർത്തന പുരോഗതി വിലയിരുത്തി.
അഞ്ചുതെങ്ങ്, കടയ്ക്കാവൂർ മേഖലകളിൽ മൈക്ക് അനൗണസ്മെന്റിലൂടെയും വിക്ടേഴ്സ് ചാനൽ, പ്രാദേശിക ചാനലുകൾ, സോഷ്യൽമീഡിയ എന്നിവയിലൂടെയും എല്ലാദിവസവും ബോധവത്കരണം നടക്കാൻ യോഗം നിർദ്ദേശിച്ചു. സോൺ ഒന്നിൽ പൊതു ശ്മശാനം ആറ്റിങ്ങൽ നഗരസഭയിൽ മാത്രം ഉള്ളതിനാൽ കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ സംസ്ക്കാരം പ്രോട്ടോകോൾ പ്രകാരം നടത്താൻ മുനിസിപ്പാലിറ്റിക്ക് അറിയിപ്പ് നൽകാവാനും യോഗം തീരുമാനിച്ചു.