shanavas

ആറ്റിങ്ങൽ: കൊലപാതകം, പിടിച്ചുപറി, വധശ്രമം തുടങ്ങിയ കേസുകളിലെ പിടികിട്ടാപ്പുള്ളിയും കൂട്ടുപ്രതിയും പിടിയിലായി. പിടികിട്ടാപ്പുള്ളിയായ പള്ളിപ്പുറം പുത്തൻവീട്ടിൽ ഷാനു എന്ന ഷാനവാസ് ( 34 ),​ കൂട്ടുപ്രതി മുടപുരം എൻ.ഇ.എസ് ബ്ലോക്ക് പൂമംഗലത്ത് വീട്ടിൽ ഫിറോസ്ഖാൻ ( 32) എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്‌തത്. ഷാനവാസ് 11 വർഷമായി ഒളിവിലായിരുന്നു. മംഗലപുരം, വർക്കല, കല്ലമ്പലം, ചിറയിൻകീഴ്, കഴക്കൂട്ടം, കൊട്ടാരക്കര സ്‌റ്റേഷൻ പരിധിയിൽ കൊലപാതകം,​ മോഷണം തുടങ്ങിയ കേസുകളിൽ ഇവർ പ്രതികളാണ്. 2003ൽ മംഗലപുരത്തുവച്ച് പ്രസാദ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ ഷാനുവിനെ പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. 2009ലെ കഴക്കൂട്ടം സ്റ്റേഷനിലെ കേസിലും ഷാനു പിടികിട്ടാപ്പുള്ളിയാണ്. മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയായ ഫിറോസ് ഖാൻ നിലവിൽ ഷാനുവിനൊപ്പം നിരവധി കേസുകളിലും പ്രതിയാണ്. റൂറൽ എസ്.പി ബി. അശോകന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, കല്ലമ്പലം സി.എ എ. ഫറോസ്, ചിറയിൻകീഴ് സി.ഐ രാഹുൽ രവീന്ദ്രൻ, പ്രത്യേക അന്വേഷണ സംഘത്തിലെ ഫിറോസ് ഖാൻ, ബിജു എ.എച്ച്, ബി. ദിലീപ്, ആർ. ബിജുകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഫോട്ടോ: പിടിയിലായ ഷാനവാസും

ഫിറോസ്ഖാനും