മുടപുരം: കിഴുവിലം പഞ്ചായത്തിൽ 18-ാം വാർഡിൽ കുന്നിൽ പ്രദേശത്ത് അസുഖം ബാധിച്ച സ്ത്രീയെയും ഭർത്താവിനെയും രണ്ട് കുട്ടികളെയും കഴിഞ്ഞ ദിവസം രാവിലെ മുതൽ പ്രാഥമിക പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഗ്രാമ പഞ്ചായത്ത് ആംബുലൻസ് നൽകിയില്ലെന്ന് സി.പി.എം അറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ജി. വേണുഗോപാലൻ നായർ പ്രസ്താവനയിൽ ആരോപിച്ചു. മുൻ എം.പി എ. സമ്പത്ത് എം.പി ഫണ്ടിൽ നിന്നും കിഴുവിലം ഗ്രാമ പഞ്ചായത്തിന് വാങ്ങി നൽകിയ ആംബുലൻസ്, അരോഗ്യ പ്രവർത്തകർ അവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണ സമതിയും പ്രസിഡന്റും ചുമതലക്കാരും വിട്ടു നൽകിയില്ലെന്നാണ് പരാതി. ഇതിനെ തുടർന്ന് 6 മണിക്കൂർ കാത്തിരുന്ന ശേഷം വൈകിട്ട് 4 മണിയോടെ ആരോഗ്യ പ്രവർത്തകർ കൈയിൽ നിന്ന് പൈസ മുടക്കി പ്രൈവറ്റ് ആംബുലൻസിൽ രോഗികളെ ആശുപത്രിയിലെക്ക് എത്തിക്കുകയായിരുന്നു. പാലിയേറ്റിവ് കെയറിന്റെ ആംബുലൻസ് രോഗികൾക്ക് ലഭ്യമാക്കാതെ പഞ്ചായത്ത് ഭരണ സമതിയും ഉത്തരവാദിത്വപ്പെട്ടവരും മറ്റ് കാര്യങ്ങൾക്ക് ആംബുലൻസ് ഉപയോഗിക്കുകയാണ് എന്നും പ്രസ്താവനയിൽ പറഞ്ഞു.