kseb

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വൈദ്യുതി വിതരണം തടസ രഹിതമായും കാര്യക്ഷമമായും നടത്തുന്നതിനും ജനങ്ങൾക്ക് വിവിധ വൈദ്യുതി സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനും റിസർവ് ടീമായി പവർ ബ്രിഗേഡുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.

മന്ത്രി എം.എം.മണി വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ഉത്പാദന പ്രസരണ മേഖലകളിൽ ഇത്തരത്തിൽ റിസർവ് സംവിധാനങ്ങൾ നിലവിൽ വരും.

കൊവിഡ് വ്യാപനം ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടത്തിൽ നിലവിലുള്ളവർക്ക് ജോലിചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ഓഫീസ് ചുമലത ഏറ്റെടുക്കുന്നതിനും വൈദ്യുതി വിതരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഓരോ ഓഫീസുകളിലും മുൻകാലങ്ങളിൽ ജോലിചെയ്തിരുന്നവർ ഉൾപ്പെടെ വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് പവർ ബ്രിഗേഡുകൾ രൂപീകരിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വിതരണ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആയിരിക്കും ഓരോ ജില്ലയിലും ഇൻസിഡന്റ് കമാൻഡർ എന്ന നിലയിൽ ഇത്തരം ക്രമീകരണങ്ങളുടെ പൂർണചുമതല നിർവഹിക്കുക. ജില്ലയിലെ ഉത്പാദന, പ്രസരണ, വിതരണ മേഖലകളിലും മറ്റുള്ള ഓഫീസുകളിലുമൊക്കെയുള്ള എല്ലാ വിഭാഗം ജീവനക്കാരേയും ആവശ്യാനുസരണം ബ്രിഗേഡിന്റെ ഭാഗമായി ഉപയോഗിക്കാൻ ഇൻസിഡന്റ് കമാൻഡർമാർക്ക് അധികാരം ഉണ്ടായിരിക്കും. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് അതതു തലങ്ങളിൽ സംവിധാനങ്ങൾ ഉണ്ടാകും.