തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പ്. ഇന്നലെ 227പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. 205 പേർക്കും സമ്പർക്കം വഴിയാണ് പകർന്നത്. ഒരു കൊവിഡ് മരണവും തലസ്ഥാനത്ത് റിപ്പോർട്ടു ചെയ്‌തു.കഴിഞ്ഞ നാലു ദിവസത്തിനിടയിൽ തിങ്കളാഴ്ചയാണ് രോഗികളുടെ എണ്ണത്തിൽ അല്പം കുറവുണ്ടായത്. 161 പേർക്കായിരുന്നു കഴിഞ്ഞ ദിവസം പോസിറ്റീവായത്. അതേസമയം തലസ്ഥാനത്ത് വലിയ രീതിയിൽ കൊവിഡ് വ്യാപനം ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പതിനെട്ട് പേരെ പരിശോധിക്കുമ്പോൾ ഒരാൾ കൊവിഡ് ബാധിതനാണ്. കേരളത്തിൽ ഇത് 36ൽ ഒന്ന് എന്ന അനുപാതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മേനംകുളം കിൻഫ്ര പാർക്കിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുമട്ടു തൊഴിലാളികൾക്കാണ് രോഗബാധ. 300പേരെ പരിശോധിച്ചപ്പോഴായിരുന്നു ഇത്. കിൻഫ്രയിലെ സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷൻ ഗോഡൗണിലെ തൊഴിലാളികളാണിവർ. ഇവരെ കാര്യവട്ടം ഗ്രീൻഫീൽഡിലെ ഫസ്റ്റ് ലൈൻ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്രി. പൂവാർ ഫയർ സ്റ്റേഷനിലെ ഒൻപതുപേർക്കും രോഗം സ്ഥിരീകരിച്ചു. പുലയനാർകോട്ടയിൽ രോഗികൾ ഉൾപ്പെടെ നാലുപേർക്കും ഇന്നലെ പോസിറ്റീവായി. കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ ജീവനക്കാർക്കും സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ കഴിഞ്ഞദിവസം വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. മോഷണക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കിളിമാനൂർ സി.ഐയും എസ്.ഐയും ക്വാറന്റെെനിൽ പോകണമെന്ന് റൂറൽ എസ്.പി നിർദ്ദേശം നൽകി. പാറശാല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. സർജറി വാർഡിലെ രണ്ട് രോഗികൾക്കും നാല് കൂട്ടിരിപ്പുകാർക്കുമാണ് കൊവിഡ്. ഒൗദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും നിരീക്ഷണത്തിൽ പ്രവേശിച്ചു. നഗരസഭയിൽ ഇന്നലെ പരിശോധിച്ച നൂറുപേരുടെ ഫലവും നെഗറ്റീവായി.
ആകെ നിരീക്ഷണത്തിലുള്ളവർ- 18,740
.വീടുകളിൽ നിരീക്ഷണത്തിലുള്ളവർ- 15, 203
ആശുപത്രികളിൽ-2, 332.
കെയർ സെന്ററുകളിൽ -1, 205.
പുതുതായി നിരീക്ഷണത്തിലായവർ -933