pinaryi-

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്നും , ഉടമസ്ഥാവകാശത്തിൽ തർക്കമുള്ളതിനാലാണ് നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വിമാനത്താവളത്തിനുള്ള സാദ്ധ്യതാ പഠനത്തിനായാണ് കൺസൾട്ടന്റിനെ വച്ചത്. ഭൂമി കൈയിൽ കിട്ടുന്നത് വരെ സാദ്ധ്യതാപഠനത്തിന് കാത്തിരുന്നാൽ പദ്ധതി ഗണപതി കല്യാണം പോലെയാവുമെന്നും കൺസൾട്ടന്റിനെ വച്ചതിനെച്ചൊല്ലിയുള്ള പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിനായി കണ്ടെത്തിയ 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ജൂൺ 18നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇത് ഹാരിസൺ മലയാളം ഫൗണ്ടേഷൻ കൈവശം വച്ചതും പിന്നീട് കൈമാറ്റം ചെയ്യപ്പെട്ടതുമാണ്. ഹാരിസണിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ്കോടതിയിൽ സർക്കാർ ഹർജി നൽകിയിട്ടുണ്ട്.നിലവിലെ കൈവശക്കാരായ ബിലീവേഴ്സ് ചർച്ച് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന് സിവിൽ കോടതിയിൽ അന്യായം സമർപ്പിക്കാമെന്നാണ് ഹൈക്കോടതി വിധിച്ചത്. സുപ്രീംകോടതിയിൽ നൽകിയ പ്രത്യേകാനുമതി ഹർജിയും തള്ളപ്പെട്ടു. പാലാ സബ്കോടതിയിലെ ഹർജിയിൽ അന്തിമവിധി സർക്കാരിന് അനുകൂലമാവുമെന്നാണ് പ്രതീക്ഷ. തുക സർക്കാരിന്റെ കൈയിൽ തന്നെ നിൽക്കും.

വിമർശിക്കുന്നത് വിമാനത്താവളം

വരരുതെന്ന് ആഗ്രഹിക്കുന്നവർ

പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിനും സാദ്ധ്യതാ പഠനത്തിനും കൺസൾട്ടൻസിയായി .മൂന്ന് സ്ഥാപനങ്ങളെ ഷോർട്ട്ലിസ്റ്റ് ചെയ്തതിൽ നിന്നാണ് ഏറ്റവുമധികം സ്കോർ ലഭിച്ച ലൂയി ബെർഗറെ തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി കൈയിൽ കിട്ടുന്നതിന് മുമ്പെന്തിനാണ് കൺസൾട്ടൻസിയെന്ന് , വിമാനത്താവളം ഒരിക്കലും വരരുതെന്നാഗ്രഹിക്കുന്നവർക്കേ ചോദിക്കാനാവൂ. കേരളത്തിനകത്തും പുറത്തുമുള്ള തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ച് എത്രയും വേഗം വിമാനത്താവളം യാഥാർത്ഥ്യമാക്കാനാണ് തീരുമാനിച്ചത്. അതിന് വഴി മുടക്കാനാഗ്രഹിക്കുന്നുവർക്ക് അരു നിൽക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.