തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് രോഗബാധ കൂടുന്ന പശ്ചാത്തലത്തിൽ അവരുടെ സുരക്ഷാമാനദണ്ഡങ്ങൾ വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി വിദഗ്ദ്ധസമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഒരു സ്ഥാപനത്തിനകത്ത് ജോലി ചെയ്യുമ്പോൾ ബന്ധപ്പെട്ട സ്ഥാപനവും ആരോഗ്യപ്രവർത്തകരും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിൽ എന്തെങ്കിലും വ്യത്യാസമുണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കേണ്ടത്. വിദഗ്ദ്ധസമിതിയുടെ പരിശോധനയിൽ അങ്ങനെ വ്യത്യാസമുണ്ടായിയെന്ന് കണ്ടാൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകാനാകും.
നാട്ടിൽ പ്രവർത്തിക്കുന്നവരാണ് മറ്റൊരു വിഭാഗം. അവർ വീടുകളിലും മറ്റും യാത്ര ചെയ്യുന്നവരാണ്. അവർക്കും കൃത്യമായ മാനദണ്ഡം പാലിച്ച് പോകേണ്ടതുണ്ട്. രോഗബാധയുണ്ടായാൽ ഏതടിസ്ഥാനത്തിലുണ്ടായി എന്ന് വിദഗ്ദ്ധസമിതി പഠിച്ച് അത്തരത്തിൽ പരിഹാരമുണ്ടാക്കാമെന്നാണ് കാണുന്നത്. ആരോഗ്യപ്രവർത്തർക്ക് ദീർഘനാൾ പ്രവർത്തിക്കേണ്ടിവരുമെന്നതിനാൽ കൃത്യമായ ആരോഗ്യ പ്രോട്ടോക്കോൾ അംഗീകരിച്ച് പോവുകയെന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.