ആരാധകർക്കായി പിറന്നാൾ സമ്മാനം നൽകി ദുൽഖർ സൽമാൻ. ഏറ്റവും പുതിയ ചിത്രം 'കുറുപ്പി'ന്റെ സ്നീക്ക് പീക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. ദുൽഖറിന്റെ മാസ് ഡയലോഗും ഈ വീഡിയോയിൽ കാണാം. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
35 കോടി മുതൽമുടക്കിൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് നിർമ്മാണം. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പെരുന്നാൾ റിലീസിന് തയ്യാറെടുത്തിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം മാറ്റി വയ്ക്കുകയായിരുന്നു.
കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായാണ് കുറുപ്പിന്റെ ചിത്രീകരണം നടന്നത്. ജിതിൻ കെ. ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശോഭിത ധുലിപാല, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.