തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം -എയർപോർട്ട് റോഡ് ഉടൻ പുനർനിർമ്മിക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ശംഖുംമുഖം ബീച്ചിൽ സംരക്ഷണ ഭിത്തി തകർന്ന് റോഡിന്റെ അടിഭാഗത്തുള്ള മണ്ണ് കടലിലേക്ക് ഒലിച്ചു പോയി. 2018ൽ പൊതുമരാമത്ത് വകുപ്പ് കേന്ദ്ര റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനോട് റോഡ് പുനർനിർമ്മാണം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. തകർന്ന സംരക്ഷണ ഭിത്തി റോഡ് ലെവലിൽനിന്നും എട്ട് മീറ്റർ താഴ്ചയിൽ നിർമ്മിക്കണമെന്നും പുറം ഭാഗത്ത് കരിങ്കൽ പാകണമെന്നുമാണ് അവരുടെ റിപ്പോർട്ടിലുള്ളത്. ഒന്നാം ഘട്ടമായി ഈ പ്രവൃത്തിക്ക് 4.29 കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകിയിരുന്നു. ഒന്നാംഘട്ട പ്രവൃത്തിയുടെ ടെൻഡർ അംഗീകരിച്ച് ആരംഭിക്കാനിരിക്കുകയാണ്. രണ്ടാം ഘട്ടത്തിനായി 1.10 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നൽകി. ഒന്നാം ഘട്ടം പൂർത്തീകരിച്ചാലുടൻ റോഡിന്റെ പുനർനിർമ്മാണവും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കടലാക്രമണം നേരിടുന്ന വീടുകളടക്കമുള്ള കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനുള്ള താത്കാലിക നടപടികൾ സ്വീകരിക്കുന്നതിന് മിലിട്ടറി എൻജിനിയറിംഗ് സർവീസിന്റെ സേവനം ലഭിക്കുന്നതിനുള്ള സാധ്യതകൾ ആരായുമെന്നും മന്ത്രി പറഞ്ഞു. മേയർ കെ. ശ്രീകുമാർ, വി.എസ് .ശിവകുമാർ എം.എൽ.എ എന്നിവർ മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു.