തിരുവനന്തപുരം: ലോക്ക് ഡൗൺ തുടരുന്നത് സംബന്ധിച്ച സ‌ർക്കാർ തീരുമാനമെത്തിയത് രാത്രി വൈകി. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ലോക്ക് ഡൗൺ നീട്ടണോ എന്ന കാര്യം ആലോചിക്കാൻ സമയമുണ്ടായിരുന്നിട്ടും രാത്രി 11.30ഓടെയാണ് ഉത്തരവ് ഇറങ്ങിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേ‌ർന്ന യോഗത്തിലായിരുന്നു തീരുമാനം. രണ്ട് ദിവസം മുമ്പെങ്കിലും ഇക്കാര്യം സംബന്ധിച്ച് യോഗം ചേർന്നിരുന്നെങ്കിൽ അവസാന നിമിഷത്തെ ആശങ്ക ഒഴിവാക്കാമായിരുന്നു. ചീഫ് സെക്രട്ടറിയാണ് ലോക്ക് ഡൗൺ സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. ശനിയാഴ്ച മുതൽ കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ കൂടിയാലോചനകൾ ആവശ്യപ്പെട്ടെങ്കിലും യോഗം നടന്നില്ല. ഇന്നലെ വൈകിട്ടാണ് യോഗം ആരംഭിച്ചത്. മൂന്ന് ആഴ്ചയായി തുടരുന്ന ലോക്ക് ഡൗൺ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്കും ഇരുട്ടടിയായി തീരുമാനം. കൊവിഡ് സമ്പർക്ക രോഗികൾ കൂടിയപ്പോൾ കഴിഞ്ഞ ആറ് മുതലാണ് നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രോഗികളുടെ എണ്ണം കൂടിയതിനാൽ നിയന്ത്രണം 13 മുതൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. തീരദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ 20 മുതൽ 28 അർദ്ധരാത്രി വരെ നിയന്ത്രണം നീട്ടുകയായിരുന്നു.