ration

തിരുവനന്തപുരം: സപ്ളൈകോയിൽ നിന്നും ശേഖരിച്ച നെല്ല് അരിയാക്കി തിരിച്ചു നൽകുന്നതിനു പകരം അതിൽ നല്ലൊരു പങ്കും വെട്ടിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യവകുപ്പ് നടത്താൻ പോകുന്ന അന്വേഷണം യഥാർത്ഥ വസ്തുതകളെ പുറത്തുകൊണ്ടുവരുന്നതാകുമോ? അങ്ങനെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സാദ്ധ്യത കുറവാണെന്നാണ് ഈ രംഗവുമായി ബന്ധപ്പെട്ടവർ പറയുന്നത്. അതിന് രണ്ട് കാരണങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു. ഒന്ന്- തട്ടിപ്പുമായി ബന്ധപ്പെട്ടവരിൽ ചിലർക്കുള്ള സ്വാധീനം. രണ്ട്- തട്ടിപ്പ്, തട്ടിക്കൂട്ടി ഒതുക്കി കൊടുക്കുന്ന ചില ഉദ്യോഗസ്ഥരുടെ സാമർത്ഥ്യം.

റേഷൻ കടകളിലെത്തിക്കേണ്ട മട്ട അരിയിൽ ഒരു ലക്ഷം ടൺ മാറ്റി വിപണിയിലെത്തിച്ചാൽ ചില മില്ലുടമകൾക്ക് നേട്ടം 200 കോടി രൂപയാണെന്നാണ് വിജിലൻസിന്റെ കണക്ക്. 1.5 ലക്ഷം ടൺ അരിവരെ ചില മില്ലുടമകൾ ഇങ്ങനെ തിരിമറി നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച് നേരത്തെ വിജിലൻസ് നൽകിയ റിപ്പോർട്ടുകൾ പിന്നീട് വെളിച്ചം കണ്ടിട്ടില്ല.

കോടികളുടെ കിലുക്കം ഇങ്ങനെ
അഞ്ച് ലക്ഷം ടൺ നെല്ല് ലഭിക്കുമ്പോൾ അത് സംസ്കരിച്ച് 3.22 ലക്ഷം ടൺ അരിയാണ് അരിമില്ലുകൾ സിവിൽ സപ്ളൈസിന് നൽകേണ്ടത്. കഴിഞ്ഞ വർഷം അതിലേറെ നെല്ല് കർഷകരിൽ നിന്നും സപ്ളൈകോ ശേഖരിച്ച് സംസ്കരിക്കാൻ നൽകിയിരുന്നു. അതിൽനിന്ന് ഒരു ലക്ഷം ടൺ മാറ്റി വിപണിയിലെത്തിച്ചാൽ 400 കോടി രൂപ കൈവരും. പായ്ക്ക് ചെയ്ത മട്ട അരിക്ക് ചില്ലറ വിപണിയിൽ കിലോയ്ക്ക് 50 രൂപ വരെയാണ് വില. മൊത്ത വില 40 രൂപയും. ഈ കണക്കിലാണ് 400 കോടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു നിലവാരമില്ലാത്തെ അരി കിലോഗ്രാമിന് 20 രൂപ നിരക്കിൽ സ്വകാര്യമില്ലുകൾക്ക് ലഭിക്കും. റേഷൻ അരി സൂക്ഷിക്കുന്ന ഗോഡൗണിൽ നിന്നും കടത്തുന്ന അരിയിൽ നല്ലൊരു പങ്കും ഇത്തരത്തിൽ തട്ടിപ്പു നടത്തുന്ന ചില മില്ലുകൾക്ക് ലഭിക്കും. അതിന് 20 രൂപാ പോലും നൽകേണ്ടതില്ല. മട്ട അരിയിൽ ഒരു ലക്ഷം ടൺ അരി വ്യാപാരത്തിനായി മാറ്റുമ്പോൾ പകരം അയയ്ക്കുന്നത് വില കുറഞ്ഞ പോളിഷ് ചെയ്ത അരിയാണ്. അതായത് ചെലവ് 200 കോടി. മട്ട വിൽക്കുമ്പോൾ കിട്ടുന്നത് 400 കോടി രൂപ. ലാഭം 200 കോടി.

നിറംമാറി എത്തും

തട്ടിപ്പു നടത്തുന്ന ചില മില്ലുടമകൾ മട്ട അരിക്കു പകരം വില കുറഞ്ഞ അരി നിറം മാറ്റി ചാക്കിലാക്കും. ആരോഗ്യത്തിന് ഹാനികരമായ റെഡ് ഓക്സൈഡ് വരെ ഇതിനായി അരിയിൽ കലർത്തുന്നുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന് ലഭിച്ച വിവരം. തിരുവനന്തപുരം,​ എറണാകുളം ജില്ലകളിലെ റേഷൻ കടകളിൽ ഇത്തരത്തിൽ അരി ലഭിച്ചതായി സപ്ളൈ ഓഫീസർമാർക്കും വിവരം ലഭിച്ചിട്ടുണ്ട്. വെള്ള അരി തവിടുപയോഗിച്ച് പോളിഷ് ചെയ്തും മട്ടഅരിക്കൊപ്പം റേഷൻകടകളിലെത്തിക്കാറുണ്ടത്രേ.